എഐ ഉൾപ്പെടെയുള്ള കിടിലൻ ഫീച്ചറുകൾ ജിമെയിലിൽ ഉൾപ്പെടുത്തി ഗൂഗിൾ. ജിമെയിലിന്റെ മൊബൈൽ ആപ്പിലാണ് ഈ ഫീച്ചറുകൾ ലഭ്യമാവുക. ജിമെയിലിലെ സെർച്ച് കൂടുതൽ കൃതൃതയുള്ളതാകാൻ ഇത് സഹായിക്കും. ഇൻബോക്സ് വളരെ എളുപ്പത്തിൽ ഉപയോഗിക്കാനും ഇത് സഹായിക്കും. മൊബൈലിൽ ജിമെയിൽ ഉപയോഗിക്കുന്നവർ ആപ്പിൽ പഴയ മെസെജോ, അറ്റാച്ച്മെന്റുകളോ സെർച്ച് ചെയ്താൽ വൈകാതെ ‘ടോപ് റിസൽട്ട്സ്’ എന്ന സെക്ഷൻ കാണാനാകും.
മെഷീൻ ലേണിങ് മോഡലുകൾ ഉപയോഗിച്ചാണ് ടോപ് റിസൾട്ട്സ് തയ്യാറാക്കുന്നത്.
ഉപയോക്താക്കൾ എന്താണ് തിരയുന്നതെന്ന് മനസിലാക്കുകയും അതുമായി ബന്ധപ്പെട്ട പഴയതും പുതിയതുമായ ഇമെയിലുകൾ കാണിക്കുകയും ചെയ്യും. ഇമെയിലുകളും അറ്റാച്ച് ചെയ്ത ഫയൽ വേഗത്തിൽ കണ്ടുപിടിക്കാനും പുതിയ സംവിധാനം സഹായിക്കും. ഉപയോക്താക്കളുടെ അഭ്യർഥന മാനിച്ചാണ് രണ്ടാഴ്ചയ്ക്കുള്ളിൽ എല്ലാ മൊബൈൽ ജീമെയിൽ ഉപയോക്താക്കൾക്കും ഈ ഫീച്ചറുകൾ ലഭ്യമാക്കുന്നതെന്ന് ഗൂഗിൾ അറിയിച്ചു.
ക്ലയന്റ് സൈഡ് എൻക്രിപ്ഷൻ എന്ന് ഗൂഗിൾ വിശേഷിപ്പിക്കുന്ന ഫീച്ചറിനെ കഴിഞ്ഞ വർഷം അവസാനത്തോടെ ഗൂഗിൾ പരിചയപ്പെടുത്തിയിരുന്നു. ഇമെയിൽ ബോഡിയിലെ സെൻസിറ്റീവ് ഡാറ്റയും മറ്റും ഗൂഗിൾ സെർവറുകൾക്ക് വ്യക്തമല്ലാത്ത രീതിയിലുള്ള അറ്റാച്ച്‌മെന്റുകളാക്കി മാറ്റുമെന്നും ഗൂഗിൾ പറയുന്നു. എൻക്രിപ്ഷൻ കീകളിൽ നിയന്ത്രണം നിലനിർത്താനും ആ കീകൾ ആക്സസ് ചെയ്യുന്നതിനുള്ള ഐഡന്റിറ്റി സേവനത്തിനും ഇത് ഉപഭോക്താക്കളെ സഹായിക്കും.
ക്ലയന്റ് സൈഡ് എൻക്രിപ്ഷൻ നിങ്ങളുടെ ഡാറ്റയുടെ രഹസ്യസ്വഭാവം സൂക്ഷിക്കാൻ സഹായിക്കുന്നു. ഡാറ്റ പരമാധികാരവും ഉപയോക്താവിന് പൂർണ്ണമായും നൽകാൻ ഇത് സഹായിക്കുന്നു.ഗൂഗിൾ ഡ്രൈവ്, ഗൂഗിൾ ഡോക്‌സ്, ഷീറ്റുകൾ, സ്ലൈഡുകൾ, ഗൂഗിൾ മീറ്റ്, ഗൂഗിൾ കലണ്ടർ (ബീറ്റ) എന്നിവയ്‌ക്കായി ഇതിനകം തന്നെ ക്ലയന്റ് സൈഡ് എൻക്രിപ്ഷൻ ഗൂഗിൾ ലഭ്യമാക്കുന്നുണ്ട്.