ഗൂഗിളില്‍ ഇഡിയറ്റ് എന്നു തിരഞ്ഞാല്‍ കിട്ടുന്നത് ട്രംപിന്റെ ചിത്രം; വിശദീകരണവുമായി പിച്ചൈ

വാഷിങ്ടണ്‍:ഗൂഗിള്‍ ഇമേജ് സേര്‍ച്ചില്‍ ‘ഇഡിയറ്റ്’ എന്നു തിരഞ്ഞാല്‍ എന്തുകൊണ്ടാണ് ട്രംപിന്റെ ചിത്രം വരുന്നത്?’. ഗൂഗിള്‍ സിഇഒയും ഇന്ത്യക്കാരനുമായ സുന്ദര്‍ പിച്ചൈയ്ക്ക് നേരെ യുഎസ് കോണ്‍ഗ്രസ് കമ്മിറ്റിയില്‍ ഉയര്‍ന്ന ചോദ്യമാണിത്. ഇന്റര്‍നെറ്റിലെ സ്വകാര്യത, ഡേറ്റയുടെ ഉപയോഗം തുടങ്ങിയവയെക്കുറിച്ചു ബോധിപ്പിക്കാനായി കോണ്‍ഗ്രസ് കമ്മിറ്റിയുടെ മുന്‍പാകെ ഇന്നലെ സുന്ദര്‍ പിച്ചൈ ഹാജരാകവെയാണു സംഭവം.

ഗൂഗിള്‍ ഇമേജ് സെര്‍ച്ചില്‍ ‘ഇഡിയറ്റ്’ എന്നു തിരഞ്ഞാല്‍ ആദ്യമെത്തുന്ന ചിത്രങ്ങളില്‍ പലതും യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റേതാണ്. കോണ്‍ഗ്രസിലെ റിപ്പബ്ലിക്കന്‍ അംഗമായ സൂ ലോഫ്ഗ്രന്‍, ഗൂഗിളിനെ കുറ്റപ്പെടുത്തി സദസ്സില്‍ ഇതു സംബന്ധിച്ച സെര്‍ച്ച് നടത്തിക്കാട്ടിയതാണു വിവാദത്തിനു തുടക്കമിട്ടത്. തുടര്‍ന്ന് കോണ്‍ഗ്രസിലെ ഡമോക്രാറ്റിക് വനിതാ അംഗം കാരണം ആരാഞ്ഞു ചോദ്യം ഉന്നയിച്ചു.

ഗൂഗിളില്‍ തിരയല്‍ എങ്ങനെ നടക്കുന്നുവെന്നും തിരയലുകളുടെ എണ്ണം, കാലികപ്രസക്തി, വ്യക്തികളുടെ സ്വീകാര്യത തുടങ്ങിയവ അടിസ്ഥാനമാക്കിയുള്ള നടപടിക്രമങ്ങള്‍ (അല്‍ഗരിതങ്ങള്‍) ഫലങ്ങളെ എങ്ങനെ സ്വാധീനിക്കുന്നെന്നും പിച്ചൈ ഒരു ക്ലാസ് തന്നെയെടുത്തെങ്കിലും അംഗങ്ങളില്‍ പലര്‍ക്കും തൃപ്തിയായില്ല.

Top