സാന്‍ഫ്രാന്‍സിസ്‌കോ: ആന്‍ഡ്രോയ്ഡ് ഓപ്പറേറ്റിംഗ് സിസ്റ്റത്തിന്റെ ഏറ്റവും പുതിയ വേര്‍ഷനായ ആന്‍ഡ്രോയിഡ് 10 ഗൂഗിള്‍ അവതരിപ്പിച്ചു. സുരക്ഷയും സ്വകാര്യതയുമായി ബന്ധപ്പെട്ട 50 മാറ്റങ്ങളോടെയാണ് ആന്‍ഡ്രോയ്ഡ് 10ന്റെ വരവ്.
ഉപയോക്താക്കള്‍ക്ക് കൂടുതല്‍ സുരക്ഷ നല്‍കുന്നതിനോടൊപ്പം തങ്ങളുടെ വ്യക്തിവിവരങ്ങളിന്മേല്‍ ഉപയോക്താക്കള്‍ക്ക് കൂടുതല്‍ നിയന്ത്രണവും നല്‍കുന്നുതാണ് പുതിയ വേര്‍ഷനെന്ന് ആന്‍ഡ്രോയ്ഡ് എന്‍ജിനിയറിംഗ് വിഭാഗം വൈസ് പ്രസിഡന്റ് ഡേവ് ബര്‍ക്ക് വ്യക്തമാക്കി.
കാഴ്ച സുഗമമാക്കുന്ന ഡാര്‍ക്ക് മോഡ്, കാര്യക്ഷമമായ ബാറ്ററി സംവിധാനം, സമൂഹമാധ്യമങ്ങളില്‍ വേഗത്തില്‍ ചാറ്റിംഗ് നടത്തുന്നതിനുള്ള സ്മാര്‍ട്ട് റിപ്ലെ ഫീച്ചര്‍, സുരക്ഷാ ക്രമീകരണങ്ങള്‍ക്കുവേണ്ടിയുള്ള ഫയലുകള്‍ എളുപ്പത്തില്‍ അപ്‌ഡേറ്റ് ചെയ്യുന്നതിനുള്ള ‘പ്രൊജക്ട് മെയിന്‍ലൈന്‍’ തുടങ്ങിയ ഫീച്ചറുകളുമായാണ് ആന്‍ഡ്രോയ്ഡ് 10 എത്തിയിരിക്കുന്നത്.
ഗൂഗിളിന്റെ തന്നെ പിക്‌സല്‍ ഫോണുകള്‍ക്കു വേണ്ടി അവതരിപ്പിച്ചിരിക്കുന്ന ആന്‍ഡ്രോയ്ഡ് 10 വൈകാതെതന്നെ മറ്റ് ഉല്‍പന്നങ്ങള്‍ക്കു വേണ്ടിയും അവതരിപ്പിക്കുമെന്ന് ഗൂഗിള്‍ അറിയിച്ചിട്ടുണ്ട്.