ഗൂഗിള്‍ മാപ്പുകള്‍ക്ക് പുത്തന്‍ മാറ്റങ്ങളുമായി ഗൂഗിള്‍.
ഗൂഗിളിന്റെ ഡ്രൈവിങ്, നാവിഗേഷന്‍, ട്രാന്‍സിറ്റ്, എക്‌സ്‌പ്ലോര്‍ മാപ്പുകള്‍ക്കാണ് ഗൂഗിള്‍ പുതുമ നല്‍കിയിരിക്കുന്നത്.
ഒരോ ലക്ഷ്യസ്ഥാനത്തിനും പ്രത്യേകം ഐക്കണുകളും കളര്‍ സ്‌കീമുകളും നല്‍കുന്ന വിധത്തിലാണ് പുതിയ രൂപകല്‍പന.
പുതിയ ഗൂഗിള്‍ മാപ്പ് സേവനങ്ങള്‍ ഉപയോഗിക്കുന്ന കമ്പനിയുടെ ഗൂഗിള്‍ അസിസ്റ്റന്റ്, സെര്‍ച്ച്, എര്‍ത്ത്, ആന്‍ഡ്രോയിഡ് ഓട്ടോ ഉള്‍പ്പെടെയുള്ള എല്ലാ ഉല്‍പ്പന്നങ്ങളിലും ഉടന്‍ പ്രാബല്ല്യത്തില്‍ വരും.
കൂടാതെ വിവിധ കമ്പനികളുടെ വെബ്‌സൈറ്റുകളിലും ആപ്ലിക്കേഷനുകളിലും പുതിയ മാറ്റങ്ങള്‍ ലഭ്യമാവും. ലോകത്തിനു മാറ്റങ്ങള്‍ വരുന്നതിനനുസരിച്ചു ഗൂഗിള്‍ മാപ്പിനും മാറ്റങ്ങളുണ്ടാകും.
ലോകം മികച്ച രീതിയില്‍ ആവിഷ്‌കരിക്കുന്ന പുതിയ രൂപകല്‍പനയില്‍ ഗൂഗിള്‍ മാപ്പില്‍ മാറ്റങ്ങള്‍ വരുത്തിയിരിക്കുകയാണെന്നു ഗൂഗിള്‍ മാപ്പ് പ്രൊഡക്റ്റ് മാനേജര്‍ ലിസ് ഹണ്ട് പറഞ്ഞു.
വ്യത്യസ്ത സ്ഥലങ്ങള്‍ പ്രത്യേകം നിറത്തിലും പ്രത്യേകം ഐക്കണുകള്‍ നല്‍കിയുമാവും പുതിയ മാപ്പ് കാണാന്‍ സാധിക്കുക.
ഭക്ഷണവും പാനീയങ്ങളും കിട്ടുന്നയിടങ്ങള്‍ക്ക് ഓറഞ്ച് നിറമായിരിക്കും. മാപ്പില്‍ ഓറഞ്ച് നിറം കാണുന്നയിടങ്ങളെല്ലാം കോഫീ ഷോപ്പോ, റസ്റ്റോറന്റോ ആണെന്ന് തിരിച്ചറിയാന്‍ സാധിക്കും.
ഇതുപോലെ ആരാധനാലയങ്ങള്‍, വിനോദം, ഗതാഗതം, ആരോഗ്യം, സേവനങ്ങള്‍ തുടങ്ങിയവയ്‌ക്കെല്ലാം പ്രത്യേകം നിറങ്ങള്‍ നല്‍കിയിട്ടുണ്ട്.
ആരോഗ്യവുമായി ബന്ധപ്പെട്ടവക്കു പിങ്ക് നിറവും വിനോദത്തിനു നീല നിറത്തിലുള്ള പ്രത്യേകം ഐക്കണുകളും ആയിരിക്കും.
ക്രമീകരണത്തിലൂടെ ഉപയോക്താക്കള്‍ക്ക് ആവശ്യമുള്ള സ്ഥലങ്ങള്‍ ഗൂഗിള്‍ മാപ്പില്‍നിന്നു പെട്ടെന്ന് കണ്ടെത്താന്‍ സഹായിക്കും.