ജീവനക്കാരെ പിരിച്ച് വിടുന്നതില്‍ ഗൂഗിള്‍ ചെലവഴിച്ചത് 210 കോടി ഡോളര്‍

ഗൂഗിളില്‍ ജീവനക്കാരെ പിരിച്ച് വിടുന്നതില്‍ 210 കോടി ഡോളര്‍ ചെലവഴിച്ചതായി റിപ്പോര്‍ട്ടുകല്‍. പിരിച്ചുവിടല്‍ പാക്കേജുകള്‍ക്കും മറ്റ് ചെലവുകള്‍ക്കുമാണ് ഈ തുക. ഈ മാസം ആദ്യം 1000 ല്‍ അധികം ജീവനക്കാരെ പിരിച്ചുവിട്ട കമ്പനി ഇവര്‍ക്ക് വേണ്ടി 70 കോടി ഡോളര്‍ കൂടി ചെലവഴിച്ചു.

നാലാം പാദ വരുമാനക്കണക്കിനൊപ്പമാണ് കമ്പനി ഈ കണക്കുകള്‍ പുറത്തുവിട്ടത്. പിരിച്ചുവിടലിന് വേണ്ടി ചെലവാക്കിയത് വലിയ തുകയാണെങ്കിലും കഴിഞ്ഞ വര്‍ഷം പ്രധാന വ്യവസായങ്ങളിലെല്ലാം ഗൂഗിള്‍ വലിയ നേട്ടം ഉണ്ടാക്കിയിട്ടുണ്ട്. 2023 അവസാന പാദത്തില്‍ കമ്പനി നേടിയത് 8600 കോടി ഡോളറാണ്. ഇത് 2022 ലെ നാലാം പാദത്തെ അപേക്ഷിച്ച് 13 ശതമാനം വളര്‍ച്ചയാണ് ഉണ്ടായിരിക്കുന്നത്.

ഗൂഗിളിന്റെ ഡിജിറ്റല്‍ പരസ്യങ്ങള്‍, ക്ലൗഡ് കംപ്യൂട്ടിങ് ബിസിനസ് എന്നിവയിലും മികച്ച വളര്‍ച്ചയുണ്ടായി.എങ്കിലും ഗൂഗിള്‍ സെര്‍ച്ച് തന്നെയാണ് കമ്പനിയുടെ പ്രധാന വരുമാന സ്രോതസ്. ഇതില്‍ നിന്നും 4800 കോടി ഡോളര്‍ വരുമാനമുണ്ടായി.യൂട്യൂബ് പ്രീമിയം, മ്യൂസിക്, ടിവി പോലുള്ളവയുടെ സബ്ക്രിപ്ഷനുകളിലൂടെ 1070 കോടി ഡോളര്‍ നേടി.

മൈക്രോസോഫ്റ്റിന്റെ അഷ്വര്‍, ആമസോണ്‍ വെബ് സര്‍വീസസ് എന്നിവയുമായി താരതമ്യം ചെയ്യുമ്പോള്‍ ഗൂഗിളിന്റെ ക്ലൗഡ് ബിസിനസ് വളരെ പിന്നിലാണ്. വര്‍ഷം 25 ശതമാനം വളര്‍ച്ച രേഖപ്പെടുത്തിയ ക്ലൗഡ് ബിസിനസ് 919 കോടി ഡോളറാണ് വരുമാനമുണ്ടാക്കിയത്. പിരിച്ചുവിടലിനെ തുടര്‍ന്ന് ഓഫീസുകള്‍ അടച്ചുപൂട്ടുന്നതിന് വേണ്ടി 180 കോടി ഡോളറും കമ്പനി ചെലവാക്കി.

Top