സുരക്ഷാപ്രശ്‌നങ്ങള്‍ കണ്ടെത്തുന്നവര്‍ക്ക് പാരിതോഷികവുമായി ഗൂഗിള്‍

സാന്‍ഫ്രാന്‍സിസ്‌കോ: പലതരം ആപ്പുകള്‍ അവതരിപ്പിക്കുന്നുണ്ടെങ്കിലും ഇതിന്റെയെല്ലാം സുരക്ഷ എത്രത്തോളമാണെന്നു ചിന്തിക്കാറില്ല.എന്നാല്‍ ഇതിനു ബദലായി പുതിയ പദ്ധതി നടപ്പിലാക്കുകയാണ് ഗൂഗിള്‍.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷനുകളിലെ സുരക്ഷാപ്രശ്‌നങ്ങള്‍ കണ്ടെത്തുന്ന സാങ്കേതിക വിദഗ്ദര്‍ക്ക് പാരിതോഷികം വാഗ്ദാനം ചെയ്തിരിക്കുകയാണ് ഗൂഗിള്‍.

മാല്‍വെയറുകളെയും മറ്റു പ്രശ്‌നങ്ങളേയും തടയുന്നതിനായുള്ള ഓട്ടോമേറ്റഡ് സംവിധാനങ്ങള്‍ കാര്യമായ പങ്ക് വഹിക്കാത്തതിനാലും ലോകമെമ്പാടുമുള്ള സൈബര്‍ സുരക്ഷാ വിദഗ്ദരുടെ സഹകരണം ആവശ്യപ്പെട്ടുകൊണ്ടാണ് ഗൂഗള്‍ പദ്ധതി നടപ്പിലാക്കുന്നത്.

ഗൂഗിള്‍ പ്ലേ സെക്യൂരിറ്റി റിവാര്‍ഡ് പ്രോഗ്രാമില്‍ കണ്ടത്തുന്ന സുരക്ഷാ പ്രശ്‌നങ്ങള്‍ക്ക് ഓരോന്നിനും 1000 ഡോളര്‍ പാരിതോഷികം ലഭിക്കും.ബഗ് ബൗണ്ടി പ്രോഗ്രാം മാനേജ്‌മെന്റ് വെബ്‌സൈറ്റായ ഹാക്കര്‍ വണ്ണുമായി സഹകരിച്ചാണ് ഗൂഗിള്‍ പുതിയ സുരക്ഷാ പരിപാടി സംഘടിപ്പിക്കുന്നത്.

സോഫ്റ്റ്‌വെയര്‍ സ്‌കാനുകള്‍ ക്രിയാത്മകമായ ഹാക്കിങ് ശ്രമങ്ങളെ കണ്ടെത്താന്‍ പര്യാപ്തമല്ലെന്ന് ഗൂഗിള്‍ പ്ലേ ആപ്‌സ് ആന്റ് ഗെയിംസ് പ്രൊഡക്റ്റ് മാനേജ്‌മെന്റ് ഡയറക്ടര്‍ വിനീത് ബച്ച് പറഞ്ഞു.

മറ്റു കമ്പനികളുടെ ആപ്ലിക്കേഷനുകളില്‍ ഗവേഷണം നടത്താന്‍ ഗൂഗിളിന്റെ സഹായം ലഭിക്കും എന്നതാണ് ഗൂഗിള്‍ പ്ലേ സെക്യൂരിറ്റി റിവാര്‍ഡ് പ്രോഗ്രാമിന്റെ പ്രധാന സവിശേഷത.

മൈക്രോസോഫ്റ്റ്, ആപ്പിള്‍, ആല്‍ഫബറ്റ് സ്ഥാപനങ്ങള്‍ സാധാരണ സ്വന്തം ആപ്ലിക്കേഷനുകളുടെ സുരക്ഷാവീഴ്ച കണ്ടെത്തുന്നതിന് മാത്രമാണ് പാരിതോഷികം നല്‍കാറുള്ളത്.

Top