തിരുവനന്തപുരം: ലോകത്തിലെ ഏറ്റവും വലിയ സെർച്ച് എൻജിനായ ഗൂഗിളിന്റെ പിഴവ് കണ്ടെത്തിയ ഡിഗ്രി വിദ്യാര്‍ത്ഥിയ്ക്ക് ഹാള്‍ ഓഫ് ഫെയിം അംഗീകാരം.
തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജില്‍ ബി.എസ്.സി കെമിസ്ട്രി മൂന്നാംവര്‍ഷ വിദ്യാര്‍ത്ഥിയായ ജി.അഖിലിനാണ് ആഗോള ബഹുമതി ലഭിച്ചത്.
ഓട്ടോ ഡ്രൈവറായ ഗോപകുമാറിന്റെയും സുനികുമാരിയുടെയും മകനാണ് വിതുര സ്വദേശിയായ അഖില്‍.
ഗൂഗിള്‍ വള്‍നറബിലിറ്റി റിവാര്‍ഡ് പ്രോഗ്രാമിന്റെ ഭാഗമായി, സാങ്കേതിക സംവിധാനങ്ങളിലെ പിഴവ് കണ്ടെത്തുന്നവരെയാണ് ഹാള്‍ ഓഫ് ഫെയിം പട്ടികയില്‍ ഉള്‍പ്പെടുത്തുന്നത്.
പിഴവ് കണ്ടെത്തിയതായി ഔദ്യോഗികമായി അറിയിക്കുമ്പോള്‍ ഗൂഗിളിന്റെ പാനല്‍ പരിശോധിച്ചശേഷം സ്ഥിരീകരിച്ചാല്‍ പട്ടികയില്‍ ഉള്‍പ്പെടുത്തും.
പിഴവിന്റെ ഗൗരവവും എണ്ണവും കണക്കാക്കി പ്രതിഫലത്തുക നല്‍കുകയും ചെയ്യും. ടെക് ഭീമനായ ഗൂഗിൾ പോലൊരു കമ്പനിയ്ക്കുണ്ടാക്കുന്ന സുരക്ഷാ പ്രശ്നങ്ങള്‍ വലുതായതിനാലാണ് കണ്ടെത്തുന്നവര്‍ക്ക് പ്രതിഫലം നല്‍കുന്നത്.
എത്തിക്കല്‍ ഹാക്കിങ്ങിനെക്കുറിച്ച് മനസിലാക്കിയ ശേഷം കഴിഞ്ഞ ഒരു വര്‍ഷമായി ഇതിനുള്ള ശ്രമത്തിലായിരുന്നെന്ന് അഖില്‍ പറയുന്നു.
ഗൂഗിള്‍ അടുത്ത കാലത്ത് ഏറ്റെടുത്ത എ.പി.ഐ പ്ലാറ്റ്ഫോമായ എ.പി.ഐ.ജി.ഇ.ഇ സൈറ്റില്‍ ക്രോസ് സൈറ്റ് സ്‌ക്രിപ്റ്റിങ് എന്ന പ്രോഗ്രാം വഴിയാണ് അഖില്‍ ഹാക്കിങ് സാധ്യമാക്കിയത്.
ആദ്യം പരാജയപ്പെട്ടെങ്കിലും പിന്നീട് വിവരങ്ങള്‍ ഹാക്ക് ചെയ്യാനായി. സെക്യൂരിറ്റി റിസര്‍ച്ചറായ സുഹൃത്തിന്റെ ഉപദേശപ്രകാരം ഈ മാസം 15നാണ് ഗൂഗിള്‍ റിവാര്‍ഡ് പ്രോഗ്രാമില്‍ റിപ്പോര്‍ട്ട് ചെയ്തത്.
പിന്നീട് പിഴവ് സ്ഥിരീകരിച്ചതായി 18ന് ഗൂഗിളിന്റെ മറുപടി വന്നു. ഹാള്‍ ഓഫ് ഫെയിം പട്ടികയില്‍ ഉള്‍പ്പെടുത്തിയതായും അറിയിച്ചു.
ഏകദേശം 13 ലക്ഷം രൂപ ലഭിക്കുമെന്നാണ് പ്രതീക്ഷയെന്ന് അഖില്‍ വ്യകത്മാക്കി. ബ്ലോഗര്‍ കൂടിയായ അഖില്‍ നാല് വെബ്സൈറ്റുകള്‍ നടത്തുന്നുണ്ട്.
വെബ്സൈറ്റുകള്‍ കൂടുതല്‍ നന്നാക്കാനും അച്ഛനെ സഹായിക്കാനും തുക ഉപയോഗപ്പെടുത്താനാണ് ഉദ്ദേശ്യമെന്നും അഖിൽ അറിയിച്ചു.