ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കി ഗൂഗിള്‍ രംഗത്ത്. ഇന്ത്യയിലെ അഞ്ഞൂറോളം ഇന്റര്‍നെറ്റ് ഉപയോക്താക്കളുടെ വിവരങ്ങള്‍ സര്‍ക്കാരിന്റെ അറിവോടെയാണ് ചോര്‍ന്നത് എന്നാണ് ഗൂഗിള്‍ കുറ്റപ്പെടുത്തിത്. നേരത്തെ ഇസ്രയേല്‍, അവരുടെ ചാര സോഫ്റ്റ് വെയറായ പെഗാസസ് ഉപയോഗിച്ച് ഇന്ത്യയിലെ പ്രമുഖരുടെ വാട്‌സ് ആപ്പ് വിവരങ്ങള്‍ ചോര്‍ത്തിയിരുന്നു. ഇതിന് പിന്നാലെയാണ് സര്‍ക്കാരിനെ കുറ്റപ്പെടുത്തി ഗൂഗിള്‍ രംഗത്ത് വന്നിരിക്കുന്നത്.
അതേസമയം പെഗാസസ് വിവരങ്ങള്‍ ചോര്‍ത്തിയതിന് പിന്നില്‍ കേന്ദ്രത്തിന് പങ്കുണ്ടെന്നും അത് വിശദീകരിക്കണമെന്നും ആവശ്യപ്പെട്ട് പ്രതിപക്ഷം കഴിഞ്ഞ ദിവസം രാജ്യസഭയില്‍ നോട്ടീസ് നല്‍കിയിരുന്നു. ഗൂഗിളിന്റെ ‘ത്രെട്ട് അനാലിസിസ് ഗ്രൂപ്പി(ടി.എ.ജി.)’ലുള്ള ഷെയ്ന്‍ ഹണ്ട്‌ലെ ഇക്കാര്യം ബ്ലോഗ് പോസ്റ്റിലൂടെ അറിയിച്ചത്. ഈ വര്‍ഷം ജൂലായ്-സെപ്റ്റംബര്‍ മാസങ്ങള്‍ക്കിടയില്‍ ലോകത്താകമാനം 149 രാജ്യങ്ങളിലെ 12,000 പേരെ ഇതുപോലെ ഹാക്കര്‍മാര്‍ ലക്ഷ്യം വെച്ചതായി ഹണ്ട്‌ലെ ബ്ലോഗില്‍ വ്യക്തമാക്കി. ഇവര്‍ക്കെല്ലാം ഗൂഗിള്‍ ഇതുസംബന്ധിച്ച് മുന്നറിയിപ്പുനല്‍കിയിരുന്നതായും അദ്ദേഹം ചൂണ്ടിക്കാട്ടി.
ലക്ഷ്യമാക്കപ്പെട്ടവരില്‍ 90 ശതമാനം പേരെയും ‘ഫിഷിങ് ഇ-മെയില്‍’ വഴിയാണ് ഹാക്കര്‍മാര്‍ സമീപിച്ചത്. ഗൂഗിളിന്റെ ഇംഗ്ലീഷ് സ്പെല്ലിങ്ങില്‍ അക്ഷരക്രമത്തില്‍ ചെറിയമാറ്റം വരുത്തിയാണ് മെയില്‍ അയക്കുക. മെയിലില്‍ അയക്കുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്താല്‍ അക്കൗണ്ട് വിവരങ്ങളും പാസ്വേഡും ചോദിക്കും. വിശ്വാസ്യത തോന്നിക്കാന്‍ ഹാക്കര്‍മാര്‍ അയക്കുന്ന സെക്യൂരിറ്റി കോഡുകളും നല്‍കേണ്ടിവരും. ഈ വിവരങ്ങളെല്ലാം നല്‍കിയവരുടെ കംപ്യൂട്ടറിലോ ഫോണിലോ ഉള്ള വിവരങ്ങളെല്ലാം ഹാക്കര്‍മാര്‍ ചോര്‍ത്തും.