സ്മാര്‍ട്ട് ഫോണ്‍ ഉപഭോക്താക്കള്‍ ഭൂരിഭാഗവും നിരവധി മെസ്സേജിങ്ങ് ആപ്ലിക്കേഷനുകള്‍ ഉപയോഗിക്കുന്നവരാണ്. വാട്ട്‌സാപ്പ്, ഫെയ്‌സ്ബുക്ക് മെസ്സെഞ്ചര്‍, ട്വിറ്റര്‍ എന്നിവയില്‍ അക്കൗണ്ട് ഉള്ളവരായിരിക്കും. എന്നാല്‍ ചില സമയങ്ങളില്‍ വരുന്ന മെസ്സേജുകള്‍ക്ക് മറുപടി നല്‍കാനാകാതെ ബുദ്ധിമുട്ടന്നത് സ്വാഭാവികമാണ്.
ഇത്തരം സാഹചര്യങ്ങളില്‍ പുതിയ ടെക്‌നോളജി പരീക്ഷിക്കാന്‍ ഒരുങ്ങുകയാണ് ഗൂഗിള്‍. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സാങ്കേതിക വിദ്യ ഉപയോഗിച്ച് റോബോട്ടിന് ജന്മം നല്‍കാനുള്ള ശ്രമത്തിലാണ് ഗൂഗിള്‍. ഏരിയ 120 എന്ന് വിളിക്കുന്ന ഗൂഗിളിന്റെ പരീക്ഷണ ശാലയില്‍ ‘റിപ്ലൈ’ എന്ന് പേരിട്ടിരിക്കുന്ന പുതിയ സംവിധാനത്തിന്റെ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണെന്ന് ദി ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
ഗൂഗിളിന്റെ ഹാങ്ഔട്ട്, അലോ ആപ്പുകളിലും വാട്ട്‌സാപ്പ്, ഫെയ്‌സ്ബുക്ക് മെസഞ്ചര്‍, ആന്‍ഡ്രോയിഡ് മെസേജസ്, സ്‌കൈപ്പ് തുടങ്ങിയ ആപ്ലിക്കേഷനുകളില്‍ പുതിയ സംവിധാനം പ്രാവര്‍ത്തികമാകും. ലഭിക്കുന്ന സന്ദേശങ്ങള്‍ക്ക് മറുപടി നിര്‍ദ്ദേശിക്കുന്ന സാങ്കേതിക വിദ്യ ഇന്ന് ലഭ്യമാണ്.
അതേസമയം, ഈ സംവിധാനത്തെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഉപയോഗിച്ച് പരിഷ്‌കരിക്കാനുള്ള ശ്രമത്തിലാണ് ഗൂഗിള്‍. ലൊക്കേഷന്‍, കലണ്ടര്‍ തുടങ്ങി ചാറ്റിനിടയില്‍ ആവശ്യമായി വരുന്ന വിവരങ്ങള്‍ പ്രയോജനപ്പെടുത്തിയാണ് റിപ്ലൈ റോബോട്ടിന്റെ ബുദ്ധി പ്രവര്‍ത്തിക്കുക.