വീഡിയോ ഗെയിം സ്ട്രീമിങ്ങിന് സ്വന്തം ഗെയിം സ്ട്രീമിങ് പ്ലാറ്റ്ഫോം അവതരിപ്പിക്കാനൊരുങ്ങി ഗൂഗിൾ. യെതി എന്ന പേരിൽ വികസിപ്പിക്കുന്ന പുതിയ ഗെയിം പ്ലാറ്റ്ഫോമാണ് ഈ വർഷം അവസാനത്തോടെ കമ്പനി അവതരിപ്പിക്കുന്നത്.
വലിയ ഫയൽസൈസുള്ള ഗെയിമുകൾ ഡൗൺലോഡ് ചെയ്യുന്നതും ഇവ കളിക്കാൻ വലിയ ശേഷിയുള്ള കംപ്യൂട്ടറുകൾ ആവശ്യമായി വരുന്നതും ഉൾപ്പെടെയുള്ള പ്രതിസന്ധികൾക്കു പരിഹാരമായിരിക്കും ഗൂഗിൾ വിഭാവനം ചെയ്യുന്ന ഗെയിം സ്ട്രീമിങ്. യെതി ഒരു ഗെയിം പ്ലാറ്റ്ഫോം ആയോ ഗെയിം കൺസോൾ ആയോ ആയാണ് അവതരിപ്പിക്കുക.
യെതി എത്തുന്നതോടെ വലിയ വില കൊടുത്ത് ഗെയിമുകൾ ഡൗൺലോഡ് ചെയ്യാതെ ചെറിയ വരിസംഖ്യ നൽകി നിലവിലുള്ള കൺസോളിലേക്ക് സ്ട്രീം ചെയ്തുകൊണ്ട് ഇന്റർനെറ്റ് ഉപയോഗിച്ച് തൽസമയം കളിക്കാനാവും.