ഗൂഗിളിന് ഇന്ന് ഇരുപത്തിരണ്ടാം പിറന്നാള്‍. ജന്മദിന സ്പെഷ്യലായി ഡൂഡിലുമായാണ് ഏറ്റവും ജനപ്രിയ സെര്‍ച്ച് എഞ്ചിനായ ഗൂഗിള്‍ എത്തിയിരിക്കുന്നത്. കമ്പനി ലോഗോയായ വലിയ അക്ഷരത്തിലുള്ള ‘ജി’ ഗൂഗിള്‍ എന്ന എഴുത്തിലെ മറ്റുള്ള അക്ഷരങ്ങളെ വീഡിയോ കോള്‍ ചെയ്യുന്നതാണ് ഡൂഡില്‍. പിറന്നാള്‍ ആഘോഷത്തിന്റെ ഭാഗമായി ‘ജി’ ബര്‍ത്ത്‌ഡേ ക്യാപ്പ് ധരിച്ചിട്ടുണ്ട്. ഒപ്പം പിറന്നാള്‍ സമ്മാനങ്ങളും കാണാം. കൊവിഡ് കാലത്ത് വീട്ടിലിരുന്ന് ആഘോഷിക്കാം വെര്‍ച്വലായി എന്ന സന്ദേശമാണ് ഗൂഗിള്‍ ഇതിലൂടെ നല്‍കുന്നത്.
1998 സെപ്റ്റംബറില്‍ പിഎച്ച്ഡി വിദ്യാര്‍ഥികളായ ലാറി പേജും സെര്‍ജി ബ്രിന്നും ചേര്‍ന്നാണ് അവര്‍ പഠിച്ചിരുന്ന കാലിഫോര്‍ണിയയിലെ സ്റ്റാന്‍ഫോര്‍ഡ് സര്‍വകലാശാല കാമ്പസില്‍ ഉപയോഗിക്കുന്നതിനായി ഈ സെര്‍ച്ച് എഞ്ചിന്‍ ആരംഭിച്ചത്. നേരത്തെ തന്നെ ബാക്ക് റബ് എന്ന പേരില്‍ ഒരു സെര്‍ച്ച് എഞ്ചിന്‍ അല്‍ഗൊരിതം വികസിപ്പിച്ചെടുത്ത ഇരുവരും അവരുടെ പുതിയ പ്രൊജക്ടിന് ഗൂഗിള്‍ എന്ന് പേരിട്ടു. വെബ് സെര്‍ച്ച് എന്‍ജിന്‍ മാത്രമായി തുടക്കം കുറിച്ച ഗൂഗിള്‍ ഇന്ന് ഇന്റര്‍നെറ്റ് എന്ന് കേട്ടാല്‍ സാധാരണക്കാരനുപോലും ആദ്യം മനസ്സില്‍ വരുന്ന വാക്കായി മാറി. ഇന്ന് യാത്രപോകാന്‍ വഴി ചോദിക്കുന്ന ഗൂഗിള്‍ മാപ്പ് മുതല്‍ വീട്ടിലെ ലൈറ്റും ഫാനും എന്തിന് ടിവി വരെ ഓണും ഓഫും ചെയ്യാനാവുന്ന ഗൂഗിള്‍ അസിസ്റ്റന്റ് വരെയെത്തി നില്‍ക്കുന്നു ഗൂഗിളിന്റെ സ്വാധീനം.