പൊതുതിരഞ്ഞെടുപ്പുകളുടെ പരസ്യങ്ങള്‍ നല്‍കുന്നതില്‍ ഗൂഗിള്‍ നിലപാട് കടുപ്പിക്കുന്നു. വരാനിരിക്കുന്ന അമേരിക്കന്‍ തിരഞ്ഞെടുപ്പുകളില്‍ പരസ്യങ്ങള്‍ നല്‍കണമെങ്കില്‍ പരസ്യദാതാക്കള്‍ അമേരിക്കന്‍ പൗരന്മാരാണെന്നോ സ്ഥിരം താമസക്കാരാണെന്നോ തെളിയിക്കണം എന്നതാണ് ഗൂഗിളിന്റെ പുതിയ നിബന്ധന. രാഷ്ട്രീയ പരസ്യങ്ങളുടെ സുതാര്യത ഉറപ്പുവരുത്തുന്നതിനായുള്ള നയപരിഷ്‌കരണത്തിന്റെ ഭാഗമാണ് ഗൂഗിളിന്റെ പുതിയ ആവശ്യം.
കഴിഞ്ഞ അമേരിക്കന്‍ തിരഞ്ഞെടുപ്പ് കാലത്ത് ഇന്റര്‍നെറ്റ് സ്ഥാപനങ്ങള്‍ നല്‍കി വന്നിരുന്ന പരസ്യ സേവനങ്ങള്‍ റഷ്യന്‍ ഏജന്‍സികള്‍ വ്യാപകമായി ദുരുപയോഗം ചെയ്തതായി കണ്ടെത്തിയിരുന്നു. ഫെയ്‌സ്ബുക്ക്, ട്വിറ്റര്‍ തുടങ്ങിയ സോഷ്യല്‍ മീഡിയാ സ്ഥാപനങ്ങളുള്‍പ്പടെ നിരവധി സേവനങ്ങള്‍ ഈ സംഭവത്തില്‍ നിയമനടപടികള്‍ക്ക് വിധേയരാവുകയും ചെയ്തു. ഇതിന്റെ പശ്ചാത്തലത്തിലാണ് സമ്പൂര്‍ണ നയപരിഷ്‌കരണം ഗൂഗിള്‍ ഉള്‍പ്പടെയുള്ള ആഗോള ടെക് കമ്പനികള്‍ നടത്തി വരുന്നത്.
പരസ്യവിതരണത്തിനായി ട്വിറ്ററും ഫെയ്‌സ്ബുക്കും സ്വീകരിച്ച നയങ്ങള്‍ക്ക് സമാനമാണ് ഗൂഗിളിന്റെ പുതിയ നയങ്ങള്‍. പരസ്യദാതാക്കളുടെ ആധികാരികത തെളിയിക്കുന്നതിനായി സര്‍ക്കാര്‍ നല്‍കുന്ന തിരിച്ചറിയല്‍ രേഖ നല്‍കേണ്ടി വരുമെന്ന് ഗൂഗിള്‍ സീനിയര്‍ വൈസ് പ്രസിഡന്റ് കെന്റ് വാക്കര്‍ ഒരു ബ്ലോഗ് പോസ്റ്റില്‍ പറഞ്ഞു. ആരെല്ലാമാണ് പരസ്യങ്ങള്‍ വാങ്ങിയത് അതിന് എത്ര തുക അവര്‍ ചെലവാക്കിയിട്ടുണ്ട് എന്ന് വിശദമാക്കുന്ന റിപ്പോര്‍ട്ട് പ്രസിദ്ധപ്പെടുത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. ആര്‍ക്കും എപ്പോഴും തിരഞ്ഞ് കണ്ടുപിടിക്കാവുന്ന വിധത്തില്‍ രാഷ്ട്രീയ പരസ്യങ്ങള്‍ ശേഖരിച്ച് വെക്കുകയും ചെയ്യും.
നിലവില്‍ അമേരിക്കന്‍ തിരഞ്ഞെടുപ്പിന് വേണ്ടി മാത്രമാണ് തിരിച്ചറിയല്‍ രേഖ ആവശ്യപ്പെടുന്നത്. എന്നാല്‍ താമസിയാതെ തന്നെ മറ്റ് തിരഞ്ഞെടുപ്പുകളിലേക്കും ഈ കര്‍ശന നിയന്ത്രണങ്ങള്‍ വ്യാപിപ്പിക്കാന്‍ സാധിക്കുമെന്നാണ് ഗൂഗിളിന്റെ പ്രതീക്ഷ.