ഗൂഗിളിന്റെ പിക്‌സല്‍ 2, പിക്‌സല്‍ 2 എക്‌സ്എല്‍ സ്മാര്‍ട്‌ഫോണുകള്‍ പുറത്തിറങ്ങാനിരിക്കെ അള്‍ട്രാ പിക്‌സല്‍ എന്ന പേരില്‍ മറ്റൊരു സ്മാര്‍ട്‌ഫോണ്‍ കൂടി ഗൂഗിള്‍ പുറത്തിറക്കുമെന്ന് റിപ്പോര്‍ട്ടുകള്‍.
അരുണ്‍ മെയ്‌നി എന്ന യൂട്യൂബര്‍ക്ക് ഗൂഗിളില്‍ നിന്നും ചോര്‍ന്നുകിട്ടിയ പ്രസന്റേഷന്‍ സ്ലൈഡ് ഷോയില്‍ നിന്നാണ് ഈ വിവരം പുറത്തായിരിക്കുന്നത്.
ഒപ്പം ബെസല്‍ ലെസ് ഡിസ്‌പ്ലേയോടു കൂടിയ ഒരു ഫോണിന്റെ ചിത്രവും ഉണ്ടായിരുന്നു.
അള്‍ട്രാപിക്‌സല്‍ സ്മാര്‍ട്‌ഫോണിനെ കുറിച്ച് യാതൊരുവിധ റിപ്പോര്‍ട്ടുകളും പുറത്തുവന്നിരുന്നില്ല.
എന്നാല്‍ ആപ്പിളിന്റെ ഐഫോണ്‍ പത്തിന് ഒരു എതിരാളിയായിരിക്കും അള്‍ട്രാ പിക്‌സല്‍ സ്മാര്‍ട്‌ഫോണ്‍ എന്ന് ഇപ്പോള്‍ വരുന്ന റിപ്പോര്‍ട്ടുകള്‍ പറയുന്നു.
ഡ്യുവല്‍ ക്യാമറയും പ്രത്യേക തരം ഫിംഗര്‍പ്രിന്റ് സ്‌കാനറുമുള്ള ഫോണ്‍ ആയിരിക്കും അള്‍ട്രാ പിക്‌സല്‍ എന്ന് അരുണ്‍ മെയ്‌നി അഭിപ്രായപ്പെടുന്നു.
സാധാരണ ആന്‍ഡ്രോയിഡ് ഫോണുകളിലുള്ളത് പോലെയുള്ള നാവിഗേഷന്‍ ബട്ടനുകള്‍ ആയിരിക്കില്ല അള്‍ട്രാ പിക്‌സലില്‍ ഉണ്ടാവുക.
പകരം ഐഫോണ്‍ പത്തില്‍ ഉള്ളതുപോലെ പുതിയ ഫ്‌ളൂയിഡ് ജസ്റ്റര്‍ ആയിരിക്കും നാവിഗേഷനായി ഉണ്ടാവുക.
പിക്‌സല്‍ 2, പിക്‌സല്‍ 2 എക്‌സ്എല്‍, അള്‍ട്രാപിക്‌സല്‍ എന്നിങ്ങനെ മൂന്ന് സ്മാര്‍ട്‌ഫോണുകളെ കുറിച്ചാണ് ചോര്‍ന്നുകിട്ടിയ സ്ലൈഡുകളില്‍ പറയുന്നത്.