ചെന്നൈ: കൂട്ടുകാരന്റെ പിറന്നാളാഘോഷം നടത്തിയ ഗുണ്ടാസംഘം പൊലീസിന്റെ പിടിയില്‍. കൊലക്കേസില്‍ ഉള്‍പ്പെടെ പിടികിട്ടാപ്പുള്ളികളായി വിലസിയിരുന്ന കൊടുംകുറ്റവാളികളാണ് ചെന്നൈയില്‍ ഒരൊറ്റ രാത്രി കൊണ്ട് അഴിക്കുള്ളിലായത്. വിനു എന്ന ഗുണ്ടാത്തലവന്റെ പിറന്നാളാഘോഷത്തിന് എത്തിയവരില്‍ 73 പേരെയാണു പൊലീസ് പിടികൂടിയത്.
35 കത്തികളും മൂന്നു വടിവാളും ഉള്‍പ്പെടെ വന്‍തോതില്‍ ആയുധങ്ങളും ഇവരില്‍ നിന്ന് പിടിച്ചെടുത്തു. കഴിഞ്ഞദിവസം രാത്രി ചൂളൈമേട്ടില്‍ പിറന്നാളാഘോഷം ‘തലയ്ക്കു’ പിടിച്ചതോടെ എണ്‍പതോളം ഗുണ്ടകള്‍ കത്തിയും വാളുമെല്ലാം കയ്യിലേന്തി സമീപത്തെ അമ്പത്തൂര്‍ ഔട്ടര്‍ റിങ് റോഡിലേക്കിറങ്ങി, ഗതാഗത ‘നിയന്ത്രണം’ ഏറ്റെടുത്തു. നാട്ടുകാര്‍ വിളിച്ചറിയിച്ചതിനെത്തുടര്‍ന്നു പൊലീസെത്തി. ഇതിനിടെ ചിലര്‍ ഓടി രക്ഷപ്പെട്ടു. 73 പേര്‍ മദ്യലഹരിയിലായതിനാല്‍ ഓട്ടത്തിന്റെ വേഗവും ദൂരവും കുറവായിരുന്നു.അതിനാല്‍
പൊലീസിന് എളുപ്പത്തില്‍ പിടികൂടാനുമായി.
ഇവരെത്തിയ 38 ബൈക്കുകളും എട്ടു കാറുകളും പൊലീസ് പിടിച്ചെടുത്തു.വിനുവിനെതിരെ കൊലപാതകക്കുറ്റം ഉള്‍പ്പെടെ നിലവിലുണ്ട്. മറ്റുള്ളവരില്‍ മിക്കവര്‍ക്കെതിരെയും കൊലക്കുറ്റവും മോഷണക്കുറ്റവുമുണ്ട്. മൂന്ന് അസി. കമ്മിഷണര്‍മാരും രണ്ട് ഇന്‍സ്പെക്ടര്‍മാരും 21 എസ്ഐമാരും അടങ്ങുന്ന സംഘമാണ് ഗുണ്ടകളെ പിടികൂടിയത്.