ന്യൂഡല്‍ഹി: ഉപരാഷ്ട്രപതിയായി തിരഞ്ഞെടുക്കപ്പെട്ട വെങ്കയ്യാ നായിഡുവിന് ആശംസയുമായി പ്രതിപക്ഷ സ്ഥാനാര്‍ത്ഥി ഗോപാല്‍ കൃഷ്ണ ഗാന്ധി.
വിജയിയായ വെങ്കയ്യാ നായിഡുവിനെ അഭിനന്ദിക്കുന്നുവെന്നും പുതിയ ഉത്തരവാദിത്വം നിറവേറ്റാന്‍ അദ്ദേഹത്തിന് കഴിയട്ടെയെന്നും ഗോപാല്‍ കൃഷ്ണ ഗാന്ധി പറഞ്ഞു. തനിക്കായി വോട്ട് ചെയ്ത അംഗങ്ങള്‍ക്കും അദ്ദേഹം നന്ദി പറഞ്ഞു.
ഇന്ന് നടന്ന തിരഞ്ഞെടുപ്പില്‍ 272 വോട്ടിന്റെ വ്യത്യാസത്തിലാണ് വെങ്കയ്യ നായിഡു ഗോപാല്‍ കൃഷ്ണ ഗാന്ധിയെ പരാജയപ്പെടുത്തിയത്. ആകെ സാധുവായ 760 വോട്ടുകളില്‍ വെങ്കയ്യ നായിഡുവിന് 516 വോട്ടും ഗോപാല്‍ കൃഷ്ണ ഗാന്ധിക്ക് 244 വോട്ടുമാണ് ലഭിച്ചത്. തിരഞ്ഞെടുപ്പില്‍ വോട്ട് രേഖപ്പെടുത്താന്‍ അവകാശമുള്ള 785 എം.പിമാരില്‍ 771 പേര്‍ വോട്ടു ചെയ്തു. 11 പേരുടെ വോട്ട് അസാധുവായി.
2007 മുതല്‍ ഉപരാഷ്ട്രപതിയായ ഡോ. ഹമീദ് അന്‍സാരിയുടെ കാലാവധി ഈ മാസം പത്തിന് പൂര്‍ത്തിയാകും. തുടര്‍ന്ന് പതിനൊന്നിനാണ് വെങ്കയ്യ നായിഡു സത്യപ്രതിഞ്ജ ചെയ്ത് അധികാരം ഏറ്റെടുക്കുന്നത്.