‘അരി തീര്‍ന്നെങ്കില്‍ അണ്ണന്‍മാര്‍ക്ക് മാസം അരി ഞാന്‍ വാങ്ങിതരാം’; വിമര്‍ശകര്‍ക്ക് മറുപടിയുമായി ഗോപി സുന്ദര്‍

കൊച്ചി: സമൂഹമാധ്യമങ്ങളില്‍ തനിക്കെതിരേയുള്ള പ്രചരണങ്ങളില്‍ പ്രതികരണവുമായി സംഗീത സംവിധായകന്‍ ഗോപി സുന്ദര്‍. ഗായിക അമൃത സുരേഷുമായി ഒരു വര്‍ഷം മുന്‍പ് ഗോപി വിവാഹിതനായിരുന്നു.എന്നാല്‍ സമീപകാലത്ത് വരുന്ന ചര്‍ച്ചകള്‍ പക്ഷേ ഇരുവരും തമ്മില്‍ വേര്‍പിരിഞ്ഞു എന്നുള്ളതാണ്. ഇതിനെ ചുറ്റിപ്പറ്റിയാണ് പലപ്പോഴും ഗോപി സുന്ദറിന് നേരെ വിമര്‍ശനങ്ങള്‍ വരുന്നതും. ചില കമന്റകള്‍ക്ക് കുറിക്കു കൊള്ളുന്ന മറുപടികള്‍ ഗോപി നല്‍കാറുമുണ്ട്.

സോഷ്യല്‍ മീഡിയയില്‍ സജീവമായ ഗോപി സുന്ദര്‍ നിലവില്‍ സ്വിറ്റ്‌സര്‍ലാന്റില്‍ ആണ്. ഇവിടെ നിന്നുമുള്ള വീഡിയോകളും ഫോട്ടോകളും ഇദ്ദേഹം പങ്കുവയ്ക്കുന്നുമുണ്ട്. ഒരു മ്യൂസിക് ഷോയുടെ ഭാഗമായി സ്വിറ്റ്സര്‍ലാന്‍ഡില്‍ എത്തിയപ്പോള്‍ പെണ്‍സുഹൃത്തിനൊപ്പമുള്ള ചിത്രം പങ്കുവച്ചതിന് തൊട്ടുപിന്നാലെ അഭ്യൂഹങ്ങള്‍ ശക്തമായി.ഗോപി സുന്ദറിനൊപ്പം ഒരു യുവതിയെയും ഫോട്ടോയില്‍ കാണാം.

ഇത് സോഷ്യല്‍ മീഡിയയില്‍ വന്‍ ചര്‍ച്ചയായതോടെ ഇത് സംബന്ധിച്ച വിശദീകരണവുമായി ഗോപി സുന്ദര്‍ രംഗത്ത് എത്തിയിരിക്കുകയാണ്. തന്റെ ഇന്‍സ്റ്റഗ്രാമില്‍ എഴുതിയ പോസ്റ്റിലാണ് ഗോപി സുന്ദര്‍ വിമര്‍ശനങ്ങള്‍ക്ക് മറുപടി എന്നത് പോലെ കാര്യങ്ങള്‍ പറയുന്നത്.

‘ഇവിടെ ആര്‍ക്കും ഒരു പ്രശ്‌നവും ഇല്ല, ഒരു കംപ്ലെയ്ന്റും ഇല്ല. ആരും ആരെയും ചതിച്ചിട്ടില്ല. എല്ലാം ഹാപ്പിയായി പോകുന്നു.നിങ്ങള്‍ക്ക് വേറെ ഒരു പണിയും ഇല്ലേ. ഈ ലോകത്ത് ഒരാളുമായി ഒരു ഫോട്ടോ പോസ്റ്റ് ചെയ്താല്‍ അതിനെ പെണ്ണുപിടി എന്ന കാര്യമായി കാണാന്‍ നിങ്ങള്‍ക്ക് എങ്ങനെ കഴിയുന്നു. നമിച്ചു. അരി തീര്‍ന്നെങ്കില്‍ അണ്ണന്‍മാര്‍ക്ക് മാസം അരി ഞാന്‍ വാങ്ങിതരാം”- ഗോപി സുന്ദര്‍ പോസ്റ്റില്‍ പൊട്ടിത്തെറിക്കുന്നു.

Top