റെക്കോഡുകള്‍ പിന്നിട്ട് പുലിമുരുകന്‍ മുന്നേറുമ്പോഴും വിവാദങ്ങളും അതിനൊപ്പം തന്നെ തല ഉയര്‍ത്തുന്നുണ്ട്.
മാസ് എന്റര്‍ടെയ്ന്‍മെന്റ് ചിത്രമായ പുലിമുരുകനിലെ സംഗീതത്തിന് പുലിപ്പാച്ചിലിന്റെ വേഗവും താളവുമുണ്ടായിരുന്നു. ഗോപീ സുന്ദര്‍ ഒരുക്കിയ പാട്ടുകള്‍ക്കും പശ്ചാത്തല ഈണങ്ങള്‍ക്കും മികച്ച പ്രതികരണമായിരുന്നു ലഭിച്ചത്. എന്നാല്‍ അതിനൊപ്പം തന്നെ സംഗീതത്തിന്റെ പേരില്‍ വിവാദവും ഉയരുകയുണ്ടായി.
ഗോപീ സുന്ദര്‍ പുലിമുരുകനായി ഒരുക്കിയ സംഗീതം കോപ്പിയടിയാണെന്നായിരുന്നു വിവാദം. എന്നാല്‍ ഗോപീ സുന്ദര്‍ തന്നെ വിവാദത്തോട് പ്രതികരിക്കുകയാണ്.
‘ആദ്യമേ പറയട്ടെ, ഒരു പാട്ടോ പശ്ചാത്തല സംഗീതമോ കോപ്പിയടിച്ചിട്ടുണ്ടെങ്കില്‍ അതു തുറന്നു പറയുവാന്‍ ഒരു മടിയുമില്ല. മുന്‍പ് അങ്ങനെ ചെയ്തിട്ടുമുണ്ട്. പക്ഷേ പുലിമുരുകനിലെ സംഗീതത്തെ കുറിച്ച് അങ്ങനെ പറഞ്ഞാല്‍ ഞാന്‍ സഹിക്കില്ല. രാപകല്‍ ഭേദമില്ലാതെ കുറേ ദിവസം പരിശ്രമിച്ചതിന്റെ ഫലമാണത്. മനസുതൊട്ടു പറയാം….അതെന്റെ മാത്രം സംഗീതമാണെന്ന്…
എപ്പോള്‍ എന്റെ ഏതു സംഗീതം വന്നാലും ഇങ്ങനെയൊരു ആരോപണം പതിവാണ്. അതിലെന്തെങ്കിലും വാസ്തവമുണ്ടെങ്കില്‍ തുറന്നുപറഞ്ഞിട്ടുമുണ്ട്. അതിനൊരിക്കലും മടി കാണിച്ചിട്ടില്ല.
എന്റെ സംഗീത ജീവിതത്തില്‍ ഏറ്റവും അധികം സമയമെടുത്ത് ചെയ്തു തീര്‍ത്ത ചിത്രമാണിത്. മുപ്പതു ദിവസത്തോളം തന്നു സംവിധായകന്‍ വൈശാഖ് എനിക്ക്. അതില്‍ 26 ദിവസവും പശ്ചാത്തല സംഗീതം തീര്‍ക്കുവാനായിരുന്നു.
വൈശാഖ് കാണിച്ച ക്ഷമയും സംഗീതത്തിനു നല്‍കിയ പ്രസക്തിയുമാണ് ഇത്രയും നല്ല ബാക്ക്ഗ്രൗണ്ട് സ്‌കോര്‍ സൃഷ്ടിക്കുവാന്‍ സഹായകരമായത്. സാധാരണ ഇങ്ങനെയുണ്ടാകാറില്ല.
വേഗം പശ്ചാത്തല സംഗീതം തീര്‍ത്തു കൊടുക്കുവാനാണു സംവിധായകരൊക്കെ ആവശ്യപ്പെടാറ്. ആവശ്യത്തിനു സമയം കിട്ടിയാല്‍ നല്ല സംഗീതം തീര്‍ക്കുവാനാകും എന്നതിനും കൂടിയുള്ള തെളിവാണത്.
പുലിമുരുകന്‍ എനിക്കും ഒരു അസാധാരണ അനുഭവമായിരുന്നു. ആളുകളില്‍ നിന്നുള്ള പ്രതികരണത്തിനു മുന്‍പത്തേക്കാള്‍ ആവേശവും സ്‌നേഹവുമായിരുന്നു. വെള്ളിത്തിരയില്‍ ഇല്ലെങ്കിലും ഞാനും താരമായതു പോലെ തോന്നി. അത്രയ്ക്കായിരുന്നു ആരാധകര്‍ തീയറ്ററിനുള്ളിലും പുറത്തും എനിക്കു തന്ന സ്‌നേഹം.
അവരുടെ ആര്‍പ്പുവിളികള്‍ എനിക്കു പകര്‍ന്ന ഊര്‍ജ്ജവും പ്രതീക്ഷയും ചെറുതല്ല. അതുതന്നെയാണു മുന്‍പോട്ടുള്ള യാത്രയ്ക്ക് എനിക്കു ശക്തിയേകുന്നതും.
പോയവര്‍ഷത്തേതു പോലെ ഇത്തവണയും ഒരുപാട് ചിത്രങ്ങള്‍ക്കു സംഗീതം നല്‍കുവാനായി. ഇനിയും മുന്‍പില്‍ കുറേയേറെയുണ്ട്. ഓലഞ്ഞാലി കുരുവി പോലുള്ള പാട്ടുകളും പുലിമുരുകനിലെ മാസ് സംഗീതവും ഒരുപോലെ ചെയ്യുവാന്‍ എനിക്കിഷ്ടമാണ്.
ഇത്തരം സംഗീതമേ ചെയ്യൂ എന്നൊരിക്കലും നിര്‍ബന്ധം കാണിച്ചിട്ടില്ല. വേര്‍തിരിവുകളോടെ സമ്മര്‍ദ്ധത്തോടെ ഒരു ചിത്രത്തിനും ഈണമിടാനിരുന്നിട്ടുമില്ല. അതുതന്നെയാണ് നല്ല സംഗീതാനുഭവങ്ങള്‍ തന്നതെന്നും വിശ്വസിക്കുന്നു.
ഇനിയും അങ്ങനെ തന്നെയാകുമെന്നു കരുതുന്നു. പുലിമുരുകനിലെ സംഗീതം ഇത്രയേറെ ശ്രദ്ധ നേടിയതും അതുകൊണ്ടാണ്.’ ഗോപീ സുന്ദര്‍ പറഞ്ഞു