തുറവൂര്‍: ഗുജറാത്തില്‍ വ്യാജ ഏറ്റുമുട്ടലിലൂടെ വധിക്കപ്പെട്ട പ്രാണേഷ് കുമാറിന്റെ പിതാവ് ഗോപിനാഥന്‍ പിള്ളയുടെ മരണത്തെ കുറിച്ച് ജില്ലാ പൊലീസ് മേധാവിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം അന്വേഷണം ആരംഭിച്ചു. അപകട സമയത്ത് സ്ഥലത്തുണ്ടായിരുന്ന മിനിലോറി, ടാങ്കര്‍ ലോറി, കാര്‍, കെഎസ്ഡിപിയുടെ മിനിലോറി എന്നിവ പൊലീസ് കസ്റ്റഡിയിലാണ്. ഗോപിനാഥന്‍ പിള്ള സഞ്ചരിച്ചിരുന്ന കാറിനു പിന്നില്‍ ഇടിച്ചെന്നു കരുതുന്ന ടാങ്കര്‍ ലോറിയുടെ ഡ്രൈവര്‍ ചാലക്കുടി സ്വദേശി സിജു പൊലീസിന്റെ കസ്റ്റഡിയിലാണ്. ഇയാളെ ചോദ്യം ചെയ്തു വരികയാണ്.
അപകടത്തില്‍ മരിച്ച ഗോപിനാഥന്‍ പിള്ള, മകന്റെ മരണത്തിനുത്തരവാദികളെ നിയമത്തിനു മുന്നില്‍ കൊണ്ടുവരുന്നതിന് വേണ്ടിയുള്ള പോരാട്ടത്തിലായതിനാലാണ് പൊലീസ് അപകടത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്തുന്നത്. അപകടത്തില്‍പ്പെട്ട കാറിന്റെ പിന്നില്‍ മറ്റൊരു വാഹനം ഇടിച്ചതാണ് നിയന്ത്രണം വിട്ട് എതിര്‍ പാതയിലേക്ക് ഇടിച്ചുകയറാന്‍ കാരണമെന്നു ഫൊറന്‍സിക് പരിശോധനയില്‍ കണ്ടെത്തി.
മറ്റൊരു വാഹനത്തിന്റെ പെയിന്റും കാറില്‍ പറ്റിപ്പിടിച്ചിട്ടുണ്ട്. അപകട സമയത്ത് എട്ടു വാഹനങ്ങളാണ് ഒന്നിനു പിന്നാലെ ഒന്നായി സഞ്ചരിച്ചിരുന്നത്. ഏറ്റവും മുന്നില്‍ മിനിലോറിയും അതിനു പിന്നാലെ രണ്ടു കാറുകളും ടാങ്കര്‍ ലോറിയും മാറ്റുവാഹനങ്ങളും പോകുന്ന ദൃശ്യം സിസിടിവിയില്‍ നിന്നും പൊലീസ് ശേഖരിച്ചു. മറ്റു വാഹനങ്ങളെക്കുറിച്ചുള്ള അന്വേഷണത്തിന്റെ പശ്ചാത്തലത്തില്‍ അപകടത്തില്‍ അസ്വഭാവികതയില്ലെന്നാണ് പൊലീസ് പറയുന്നത്.