ഗൊരഖ്പൂരില്‍ മൂന്ന് കുട്ടികള്‍ കൂടി മരിച്ചു ; മരണകാരണം വ്യക്തമാക്കാതെ അധികൃതര്‍

ഗോരഖ്പുര്‍: ഉത്തര്‍പ്രദേശിലെ ഗോരഖ്പുരിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ ഓക്‌സിജന്‍ വിതരണം നിലച്ചതിനെ തുടര്‍ന്നുണ്ടായ ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 72 ആയി.

ഇന്ന് പുലര്‍ച്ചെ മൂന്നു കുട്ടികള്‍ കൂടി മരിച്ചതോടെയാണ് മരണംസഖ്യ ഉയര്‍ന്നത്.

ഇതിനിടെ കുട്ടികള്‍ ശ്വാസംമുട്ടി മരിച്ച സംഭവത്തില്‍ കോളജ് പ്രിന്‍സിപ്പലിനെ സര്‍ക്കാര്‍ സസ്‌പെന്‍ഡ് ചെയ്തു. കുട്ടികളുടെ മരണകാരണം വ്യക്തമല്ലെന്നും സര്‍ക്കാര്‍ പറയുന്നു. ദുരന്തം ആവര്‍ത്തിക്കാതിരിക്കാനുള്ള മാര്‍ഗങ്ങള്‍ നിര്‍ദേശിക്കാനായി പ്രത്യേക സമിതിയെയും സര്‍ക്കാര്‍ നിയോഗിച്ചു.

ദുരന്തത്തില്‍ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചതിന് പിന്നാലെയാണ് വീണ്ടും മരണം റിപ്പോര്‍ട്ട് ചെയ്യുന്നത്. വിഷയത്തില്‍ പ്രധാനമന്ത്രിയും കേന്ദ്രസര്‍ക്കാരും ഇടപെട്ടതിന് പിന്നാലെയാണ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അന്വേഷണം പ്രഖ്യാപിച്ചത്.

മജിസ്‌ട്രേറ്റുതല അന്വേഷണത്തിനാണ് ഉത്തരവിട്ടിരിക്കുന്നത്. സംഭവത്തില്‍ ഓക്‌സിജന്‍ വിതരണക്കാരുടെ പങ്ക് പരിശോധിക്കുമെന്നും അന്വേഷണം ആരംഭിച്ചുവെന്നും അദ്ദേഹം പറഞ്ഞു.

കുട്ടികള്‍ മരിക്കാനിടയായ സംഭവത്തിന് ഉത്തരവാദികളാരായാലും അവരെ വെറുതെ വിടില്ലെന്നും ശക്തമായ നടപടികള്‍ ഉണ്ടാകുമെന്നും ആദിത്യനാഥ് അറിയിച്ചു. ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചിട്ടുണ്ടെന്നും ഓക്‌സിജന്‍ വിതരണത്തിനായി മുന്‍സര്‍ക്കാരിന്റെ കാലത്തെ നടപടികളും പരിശോധിക്കുമെന്നും യോഗി ആദിത്യനാഥ് വ്യക്തമാക്കി.

Top