കൊളംബോ: ജനകീയ പ്രക്ഷോഭത്തെ തുടർന്ന് നാടുവിട്ട ശ്രീലങ്കൻ മുൻ പ്രസിഡന്റ് ഗോട്ടബയ രാജപക്സെ ഇന്നു തിരിച്ചെത്തും. ആദ്യം മാലദ്വീപിലും പിന്നീട് സിംഗപ്പൂരിലും തുടർന്നു തായ്ലൻഡിലും കഴിഞ്ഞശേഷമാണു മടക്കം. 1948 ൽ സ്വാതന്ത്ര്യം നേടിയ ശേഷമുള്ള ഏറ്റവും മോശമായ സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് ശ്രീലങ്ക കടന്നുപോകുന്നത്. നിലവിൽ 5100 കോടി ഡോളർ വിദേശ കടമുണ്ട്. അതിൽ 2800 കോടി ഡോളർ 2027 ന് മുൻപ് തിരികെ നൽകണം.
ശ്രീലങ്കയുടെ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാൻ 4 വർഷംകൊണ്ട് 290 കോടി യുഎസ് ഡോളർ വായ്പ നൽകാമെന്നു രാജ്യാന്തര നാണ്യനിധി സമ്മതിച്ചു. രാജപക്സെയ്ക്കു ശേഷം പ്രസിഡന്റ് സ്ഥാനത്തെത്തിയ ധനമന്ത്രി കൂടിയായ റനിൽ വിക്രമസിംഗെയുടെ നേതൃത്വത്തിൽ ഏതാനും മാസങ്ങളായി ഇതുസംബന്ധിച്ച ചർച്ച നടക്കുകയായിരുന്നു. നികുതിപരിഷ്കാരങ്ങൾ നടപ്പാക്കുക, ഇന്ധനത്തിനും വൈദ്യുതിക്കും ഉൽപാദനചെലവ് അടിസ്ഥാനമാക്കി വില ഈടാക്കുക, അഴിമതി വിരുദ്ധ നടപടികൾ സ്വീകരിക്കുക തുടങ്ങിയ നിബന്ധനകളും ഐഎംഎഫ് മുന്നോട്ടുവച്ചിട്ടുണ്ട്.