ബംഗളൂരു: ഗൗരി ലങ്കേഷിന്റെ കൊലപാതകത്തില്‍ പൊലീസ് കസ്റ്റഡിയിലെടുത്ത ഹിന്ദു യുവ സേന പ്രവര്‍ത്തകന്‍ നവീന്‍ കുമാര്‍ കേസിലെ ഒന്നാം പ്രതിയാകുമെന്ന് കര്‍ണാടക പൊലീസ്. കസ്റ്റഡിയിലുള്ള കെ.ടി നവീന്‍ കുമാര്‍ എന്ന ഹൊട്ട മഞ്ച ഗൗരി വധത്തില്‍ ഒന്നാം പ്രതിയാണെന്നും അതിനാല്‍ ഇയാള്‍ക്ക് ജാമ്യം നല്‍കരുതെന്നും സര്‍ക്കാര്‍ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു.
കേസ് അന്വേഷണത്തിലുണ്ടായ സുപ്രധാന കണ്ടെത്തലുകളും മറ്റ് വിശദാംശങ്ങളും സീല്‍ ചെയ്ത കവറില്‍ പൊലീസ് കോടതിയില്‍ ഏല്‍പ്പിച്ചു. ഗൗരിയുടെ കൊലപാതകികളെ കുറിച്ച് വ്യക്തമായ സൂചന നവീനില്‍ നിന്നും ലഭിച്ചിട്ടുണ്ടെന്നാണ് പൊലീസ് പറയുന്നത്.
ഫെബ്രുവരി 19-നാണ് മജിസ്റ്റിക് ബസ് ടെര്‍മിനല്‍ പരിസരത്തുവെച്ച് നവീന്‍ കുമാറിനെ അറസ്റ്റു ചെയ്യുന്നത്. 15 വെടിയുണ്ടകള്‍ ഉള്‍പ്പെടെ തോക്ക് വില്‍ക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് ഇയാള്‍ പിടിയിലായത്. ഇയാളെക്കുറിച്ച് നിര്‍ണായക വിവരങ്ങള്‍ ലഭിച്ചതിനെ തുടര്‍ന്ന് ചോദ്യം ചെയ്യുന്നതിനായി പ്രത്യേക അന്വേഷണ സംഘം (എസ്‌ഐടി) കസ്റ്റഡിയില്‍ ആവശ്യപ്പെടുകയായിരുന്നു.
കഴിഞ്ഞ വര്‍ഷം സെപ്റ്റംബര്‍ അഞ്ചിനാണ് ആര്‍. ആര്‍ നഗറിലെ സ്വന്തം വീട്ടില്‍ വച്ച് ഗൗരി ലങ്കേഷ് വെടിയേറ്റു മരിച്ചത്. സെപ്റ്റംബര്‍ മൂന്നിനും അഞ്ചിനും നവീന്‍ ഇവിടെ എത്തിയിരുന്നതായി അന്വേഷണ സംഘത്തിന് സൂചന ലഭിച്ചിരുന്നു. ഗൗരിയെ വെടിവച്ച കൊലയാളിയെ ബൈക്കില്‍ ഇവിടെയെത്തിച്ചത് നവീനാണെന്നും റിപ്പോര്‍ട്ടുകളുണ്ട്. അതേസമയം, കൂടുതല്‍ വിശദാംശങ്ങള്‍ പുറത്തുവന്നിട്ടില്ല.