ഗൗരിലങ്കേഷ് വധം; രണ്ടാം പ്രതി ഗോവ സ്‌ഫോടനക്കേസില്‍ ഇന്റര്‍ പോള്‍ തേടുന്നയാള്‍

gouri lankesh

ബെംഗളൂരു: ഗൗരി ലങ്കേഷ് വധക്കേസില്‍ രണ്ടാം പ്രതിയെന്ന് സംശയിക്കുന്നയാളെ തിരിച്ചറിഞ്ഞതായി പൊലീസ്. മഹാരാഷ്ട്ര കോലാപൂര്‍ സ്വദേശിയും സനാതന്‍ സന്‍സ്ത പ്രവര്‍ത്തകനുമായ പ്രവീണ്‍ ലിംകാര്‍ എന്നയാളാണ് കൃത്യത്തില്‍ പങ്കുള്ള രണ്ടാമനെന്നാണ് വിവരം.

ഒമ്പതു വര്‍ഷം മുമ്പ് നടന്ന ഗോവ സ്‌ഫോടനവുമായി ഇയാള്‍ക്ക് ബന്ധമുണ്ടെന്നും ഇയാള്‍ക്കെതിരെ കേസുമായി ബന്ധപ്പെട്ട് ഇന്റര്‍പോള്‍ റെഡ്‌കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു.

ഗൗരി ലങ്കേഷ് വധക്കേസില്‍ നേരത്തെ അറസ്റ്റിലായ കെ.ടി.നവീന്‍കുമാറിനെ ചോദ്യം ചെയ്തതില്‍ നിന്നാണ് പ്രവീണ്‍ ലിംകാറിനെക്കുറിച്ച് വിവരം ലഭിച്ചത്. കഴിഞ്ഞവര്‍ഷം സെപ്റ്റംബര്‍ അഞ്ചിനാണ് ഗൗരി ലങ്കേഷ് വെടിയേറ്റു മരിച്ചത്.

2009 ഒക്ടോബര്‍ 19-ന് മഡ്ഗാവില്‍ നടന്ന സ്‌ഫോടനത്തില്‍ ഇയാള്‍ക്ക് പങ്കുണ്ടെന്നാണ് കരുതുന്നത്. സ്‌ഫോടകവസ്തു കടത്തുമ്പോള്‍ സ്‌ഫോടനം ഉണ്ടായി രണ്ടു പേര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതിയായ പ്രവീണ്‍ ലിംകാറും മറ്റു നാലു പേരും അന്നുമുതല്‍ ഒളിവിലാണ്.

Top