വനിതാമതിലിന് പിന്തുണയുമായി ഗൗരിയമ്മ ; ആലപ്പുഴ നഗരത്തില്‍ അണിചേരും

ആലപ്പുഴ: വനിതാ മതിലില്‍ പങ്കെടുക്കുമെന്ന് കെ ആര്‍ ഗൗരിയമ്മ. ജി സുധാകരന്‍ ഗൗരിയമ്മയുടെ വീട്ടില്‍ നേരിട്ടെത്തി ക്ഷണിച്ചപ്പോഴാണ് വനിതാമതിലില്‍ പങ്കെടുക്കുമെന്ന് വ്യക്തമാക്കിയത്. ആലപ്പുഴ നഗരത്തില്‍ ആയിരിക്കും അണിചേരുക.

കേരളത്തിലെ സാമൂഹ്യപരിഷ്‌കരണം, നവോത്ഥാനം, സ്ത്രീപുരുഷ സമത്വം എന്നിവ ഉയര്‍ത്തിപ്പിടിച്ച് വനിതാ മതില്‍ ജനുവരി ഒന്നിന് വൈകീട്ട് നാലു മണിയ്ക്കാണ് വനിതാ മതില്‍ സംഘടിപ്പിയ്ക്കുന്നത്.

കാസര്‍ഗോഡ് താലൂക്ക് പരിസരത്തുനിന്നും ആരംഭിക്കുന്ന മതില്‍ തിരുവനന്തപുരം വെള്ളയമ്പലം വരെയാണ്. മതില്‍ കടന്നു പോകാത്ത വയനാട് ജില്ലയിലുള്ള സ്ത്രീകള്‍ കോഴിക്കോട് വന്ന് ദേശീയ പാതയില്‍ മതിലില്‍ പങ്കാളികളാവുകയാണ് ചെയ്യുക. ഇടുക്കി ജില്ലയിലുള്ളവര്‍ ആലുവയില്‍ വന്ന് മതിലില്‍ പങ്കാളികളാവും. കോട്ടയം, പത്തനംതിട്ട ജില്ലകളിലുള്ളവര്‍ ആലപ്പുഴ ജില്ലയിലെ ദേശീയപാതയില്‍ മതിലിന്റെ ഭാഗമാവും.

വനിതാമതിലിനെതിരെ വിമര്‍ശനങ്ങളുമായി പ്രതിപക്ഷ പാര്‍ട്ടികള്‍ രംഗത്തെത്തിയിരുന്നു. വനിതാ മതില്‍ വര്‍ഗീയ മതിലാണെന്നും മതേതര വാദികളായ ആരും മതിലില്‍ പങ്കെടുക്കില്ല എന്നുമായിരുന്നു പ്രതിപക്ഷം ആരോപിച്ചത്.

Top