റിയല്‍ എസ്റ്റേറ്റ് തട്ടിപ്പ് വിവാദത്തില്‍ പ്രതികരണവുമായി ഗൗതം ഗംഭീര്‍

റിയല്‍ എസ്റ്റേറ്റ് തട്ടിപ്പുമായി ബന്ധപ്പെട്ട വിവാദത്തില്‍ പ്രതികരണവുമായി ഇന്ത്യന്‍ മുന്‍ ക്രിക്കറ്റ് താരം ഗൗതം ഗംഭീര്‍ രംഗത്ത്. റിയല്‍ എസ്റ്റേറ്റ് തട്ടിപ്പില്‍ ഡല്‍ഹി കോടതി അറസ്റ്റ് വാറണ്ടിറക്കിയതിന് പിന്നാലെ വിശദീകരണവുമായി ഗംഭീര്‍ എത്തിയത്. രാജ്യത്തെ നിയമവ്യവസ്ഥയെ ഞാന്‍ ബഹുമാനിക്കുന്നു എന്നും, ജോലി സംബന്ധമായ തിരക്കുകളെ തുടര്‍ന്നാണ് കോടതിയില്‍ ഹാജരാവാന്‍ സാധിക്കാതെയിരുന്നത് എന്നുമാണ് ഗംഭീര്‍ വിശദീകരണം നല്‍കുന്നത്. അഭിഭാഷകന്‍ എനിക്ക് വേണ്ടി വേണ്ട സമയങ്ങളിലെല്ലാം കോടതിയില്‍ ഹാജരായിട്ടുണ്ട് എന്നും ഗംഭീര്‍ പറഞ്ഞു.

ആ റിയല്‍ എസ്റ്റേറ്റ് കമ്പനിയുടെ ബ്രാന്‍ഡ് അംബാസിഡര്‍ മാത്രമാണ് ഞാന്‍. ഇപ്പോള്‍ ഈ വാര്‍ത്തയ്ക്ക് വലിയ പ്രചാരണം നല്‍കിയത് നിക്ഷിപ്ത താത്പര്യക്കാരും, പ്രശസ്തി ആഗ്രഹിക്കുന്നവരുമാണെന്നും ഗംഭീര്‍ പറഞ്ഞു. ആ റിയല്‍ എസ്റ്റേറ്റ് ഇടപാടിലൂടെ പണം ലഭിച്ചിരിക്കുന്നത് ഇതിന്റെ പ്രമൊട്ടേഴ്‌സ് ആയ മുകേഷ് ഖുറാന, ബബിത ഖുറാന എന്നിവര്‍ക്കാണ്. കോടതിയില്‍ എത്തിയിരിക്കുന്ന പരാതി ഇവര്‍ക്ക് എതിരെയാണെന്നും ട്വിറ്ററിലൂടെ ഗംഭീര്‍ പറയുന്നു.

കമ്പനിയുടെ ഇടപാടില്‍ തനിക്ക് പങ്കില്ലെന്നും ഇവിടെ വഞ്ചിക്കപ്പെട്ടവര്‍ക്കൊപ്പമാണ് ഞാന്‍. ഉത്തരവാദിത്വമുള്ള പൗരന്‍ എന്ന നിലയില്‍ അവര്‍ക്ക് വേണ്ടി കഴിയുന്ന വിധത്തില്‍ സഹായിക്കുമെന്നും ഗംഭീര്‍ പറഞ്ഞു.

Top