ചെന്നൈ: ജയലളിതയുടെ മരണവുമായി ബന്ധപ്പെട്ട് ശശികലക്കെതിരെ ശക്തമായ നിലപാടെടുത്ത നടിയാണ് ഗൗതമി. അഴിമതിക്കേസില്‍ ശിക്ഷിക്കപ്പെട്ട് ശശികല ജയിലിലേക്ക് പോകാനൊരുങ്ങുമ്പോള്‍ വിമര്‍ശനവുമായ് വീണ്ടും ഗൗതമി രംഗത്തെത്തിയിരിക്കുകയാണ്.
‘അഴിമതിക്കേസില്‍ ശശികല ജയിലിലാകുന്നു. എന്നാല്‍ അമ്മയുടെ മരണത്തിന് കൂടി അവര്‍ ഉത്തരം പറയണം. മാത്രമല്ല ഈ രണ്ടുകേസിലും ഒരേ ശിക്ഷ നല്‍കിയാല്‍ പോര…ഗൗതമി പറഞ്ഞു.
അനധികൃതസ്വത്തുകേസിലാണ് വി.കെ.ശശികലയുടെ ശിക്ഷ ശരിവച്ചത് വിചാരണകോടതി വിധി സുപ്രീംകോടതിയാണ് ശരിവച്ചത്. വിചാരണകോടതി വിധി റദ്ദാക്കിയ ഹൈക്കോടതി നടപടി അസാധുവായി. നാല് വര്‍ഷം തടവും 10 കോടി രൂപ പിഴയും ശിക്ഷ വിധിച്ചു. തമിഴ്‌നാട് മുഖ്യമന്ത്രിസ്ഥാനത്ത് എത്താനുള്ള ശശികലയുടെ നീക്കങ്ങള്‍ക്ക് കനത്ത തിരിച്ചടിയാണ് ഈ സുപ്രീം കോടതിവിധി. ശശികലയോട് നാലാഴ്ചക്കകം കീഴടങ്ങാനും കോടതി നിര്‍ദേശിച്ചു. ബംഗലൂരു കോടതിയില്‍ കീഴടങ്ങാനാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്.
കേസിലെ ഒന്നാംപ്രതി അന്തരിച്ച മുന്‍മുഖ്യമന്ത്രി ജയലളിതയാണ്. ശശികലയെ കൂടാതെ ജയലളിതയുടെ വളര്‍ത്തുമകന്‍ വി.എന്‍ സുധാകരന്‍, ജെ ഇളവരശി എന്നിവരാണ് മറ്റുപ്രതികള്‍. ജയലളിത മുഖ്യമന്ത്രിയായിരുന്ന 199196 കാലയളവില്‍ 66 കോടിയുടെ അനധികൃത സ്വത്ത് സമ്പാദിച്ചെന്നാണ് കേസ്.
അനധികൃത സ്വത്ത് സമ്പാദന കേസില്‍ നാലുവര്‍ഷം തടവും 100 കോടി രൂപ പിഴയുമാണ് ആദ്യം വിചാരണക്കോടതി നാലുപ്രതികള്‍ക്കും വിധിച്ചത്. ജനതാ പാര്‍ട്ടി നേതാവായിരുന്ന സുബ്രഹ്മണ്യം സ്വാമി 1996ല്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ 18 വര്‍ഷങ്ങള്‍ക്ക് ശേഷം 2014 സെപ്തംബറിലാണ് വിചാരണ കോടതി വിധി പറഞ്ഞത്.
ഹൈക്കോടതിയില്‍ ജയലളിത നല്‍കിയ അപ്പീല്‍ അംഗീകരിച്ച് ജയലളിതയും ശശികലയും ഉള്‍പ്പടെ കേസിലെ നാലുപേരെയും കുറ്റവിമുക്തരാക്കിയിരുന്നു. തുടര്‍ന്നാണ് കര്‍ണാടക സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചത്.
സുബ്രഹ്മണ്യം സ്വാമിയുടെ പരാതിപ്രകാരമാണ് തമിഴ്‌നാട് വിജിലന്‍സ് അഴിമതി വിരുദ്ധ വിഭാഗം നേരത്തെ ജയയുടെ വസതിയില്‍ റെയ്ഡ് നടത്തിയത്. ജയലളിത 66.5 കോടി രൂപ അനധികൃതമായി സമ്പാദിച്ചെന്ന് ഇതില്‍ വിജിലന്‍സ് കണ്ടെത്തി. 28 കിലോ സ്വര്‍ണം, 800 കിലോ വെള്ളി, 750 ജോഡി ചെരുപ്പ്, 91 വാച്ചുകള്‍, 10,500 സാരികള്‍ എന്നിവയാണ് റെയ്ഡില്‍ പിടിച്ചെടുത്തത്.