ജീവന്‍ രക്ഷാമരുന്നുകള്‍ക്ക് പത്ത് മടങ്ങ് അധിക വില ഈടാക്കി സര്‍ക്കാര്‍ ഇരുട്ടടി ..

കൊച്ചി: ജീവന്‍ രക്ഷാ മരുന്നുകള്‍ക്ക് പത്ത് മടങ്ങ് അധിക വില ഇടാക്കി സര്‍ക്കാര്‍ പൊതു ജനങ്ങളെ പറ്റിക്കുന്നതിന്റെ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത്. രാഷ്ട്രീയ നേതാക്കളും ആശുപത്രിയിലെ ഡോക്ടര്‍മാരും തമ്മിലുള്ള ഒത്തുകളിയുടെ ഭാഗമായി നടക്കുന്ന വലിയ കൊള്ളയാണ് ഇത്.

സര്‍ക്കാരില്‍ നിന്ന് കോടിക്കണക്കിന് മരുന്നുകള്‍ വാങ്ങിച്ച് ആശുപത്രികളിലെത്തിക്കുന്ന കേരള മെഡിക്കല്‍ സപ്ലൈ കോര്‍പ്പറേഷന്‍ ലിമിറ്റഡിന് നല്‍കിയ വിവരാവകാശ അപേക്ഷയിലാണ് ഇക്കാര്യം പറയുന്നത്.

ഇത് പ്രകാരം കാന്‍സറിനും, മറ്റ് ജീവന്‍ രക്ഷാ മരുന്നുകള്‍ക്കും കമ്പനി വാങ്ങിയതിന്റെ സാധാരണ വിലയുടെ പത്ത് മടങ്ങ് അധികമാണ് രോഗികളില്‍ നിന്നും ഈടാക്കുന്നത്. അതിന്റെ തെളിവുകളും, ബ്ലാക്ക് ലിസ്റ്റ് ചെയ്തിരുന്ന ആശുപത്രികളുടെ പേരുകളും അടക്കമാണ് റിപ്പോര്‍ട്ട്.

സര്‍ക്കാരില്‍ നിന്ന് വാങ്ങിക്കുന്ന മരുന്നുകളുടെ വിലയും, മരുന്നുകളുടെയും ഇന്‍ഞ്ചക്ഷന്റേയും കവറിന് പുറത്ത് നല്‍കിയിരിക്കുന്ന വിലയും തമ്മില്‍ പത്തിരിട്ടി വ്യത്യാസമാണ് കാണാന്‍ കഴിയുന്നത്.

അതായത് കോളോണോമൈന്‍ എന്ന കാന്‍സറിന്റെ ഇന്‍ഞ്ചക്ഷന് 18 രൂപ നിരക്കിലാണ് കമ്പനി വാങ്ങുന്നത്. എന്നാല്‍ അത് എംആര്‍പി വിലയ്ക്ക് വില്‍പ്പനയ്‌ക്കെത്തുന്നത് 60രൂപയ്ക്കാണ്.

അതുപോലെ കാന്‍സറിന്റെ മറ്റൊരു മരുന്നിന് കമ്പനി വാങ്ങിച്ച വില 189 രൂപയാണ് എന്നാല്‍ അത് ആശുപത്രികളില്‍ വില്‍പ്പനയ്ക്ക് എത്തുന്നത് 600 രൂപ നിരക്കിലാണ്. ഇതുപോലെ പല മരുന്നുകളുടേയും വില പത്തിരട്ടിയിലും അധികമാണ്.

430 രൂപയുടെ ആമിഫോസ്റ്റിന് 4255 രൂപ ഈടാക്കുമ്പോള്‍, 575 രൂപയുടെ ഫാസിലിടാക്‌സിന്‍, കാന്‍സറിന്റെ തന്നെ മറ്റൊരു മരുന്ന് 5500 രൂപയാണ്. അതുപോലെ 1226 രൂപയുടെ മരുന്നിന് ലിസി, ലേക്ക് ഷോര്‍, അമൃത, രാജഗിരി തുടങ്ങിയ ആശുപത്രികളില്‍ നിന്ന് 10,850 രൂപയാണ് ഈടാക്കുന്നത്.

അതുപോലെ 239 രൂപയുടെ ഒരു മരുന്നിന് 2,100 രൂപയും, 150 രൂപയുടെ മരുന്നിന് 398 രൂപ, 149 രൂപയുടെ ഇന്‍ഞ്ചക്ഷന് 700 രൂപ, 220 രൂപയുടെ ഇന്‍ഞ്ചക്ഷന് 1500 രൂപ ഇങ്ങനെ പോകുന്നു വില നിരക്ക്.

കാര്‍ഡിയാക് സ്‌റ്റെന്റിന്റെ വില. സാധാരണ സ്‌റ്റെന്റ് നിര്‍മ്മിക്കാന്‍ ചിലവാകുന്നത് 640 രൂപയാണ്. എന്നാല്‍ ഒരു സ്റ്റെന്റിന്റെ വില ഒന്നേകാല്‍ ലക്ഷം രൂപയാണ്. ഇതില്‍ 3200 രൂപയോളം ഡോക്ടറിന് ലഭിക്കും ബാക്കി മുഴുവന്‍ ലഭിക്കുന്നത് നിര്‍മ്മാണ കമ്പനികള്‍ക്കാണ്.

അതേ സമയം സര്‍ക്കാരിന്റെ മരുന്നു വില്‍പ്പന കേന്ദ്രങ്ങളായ ജന ഔഷധിയിലും മറ്റും മരുന്നുകള്‍ 81 ശതമാനം കുറഞ്ഞ നിരക്കിലാണ് നല്‍കുന്നതെങ്കിലും ഇവിടെ ഇത്തരം മരുന്നുകള്‍ ലഭ്യമല്ല എന്നതും മറ്റൊരു വസ്തുതയാണ്.

റിപ്പോര്‍ട്ട്: സുമി പ്രവീണ്‍

Top