ബാര്‍ കോഴ; ചെന്നിത്തലക്കെതിരായ അന്വേഷണത്തില്‍ ഗവര്‍ണര്‍ നിയമപരിശോധന നടത്തും

തിരുവനന്തപുരം: ബാര്‍ കോഴ കേസില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലക്ക് എതിരായ അന്വേഷണത്തില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ നിയമ പരിശോധന നടത്തും. ബാറുടമകളുടെ അസോസിയേഷന്‍ നേതാവ് ബിജു രമേശ് നടത്തിയ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തില്‍ ലഭിച്ച പരാതിയില്‍ സംസ്ഥാന സര്‍ക്കാര്‍ ചെന്നിത്തല അടക്കമുള്ളവര്‍ക്കെതിരെ അന്വേഷണം പ്രഖ്യാപിച്ചിരുന്നു.

മുന്‍ മന്ത്രിമാരായ വി എസ് ശിവകുമാര്‍, കെ ബാബു എന്നിവര്‍ക്കെതിരെയും അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. ബാര്‍ കോഴക്കേസ് വീണ്ടും സജീവമാക്കാനാണ് സര്‍ക്കാര്‍ നീക്കം. എന്നാല്‍ ഗവര്‍ണറുടെ അനുമതിയോടെ മാത്രമേ അന്വേഷണം നടത്താനാവൂ. തെരഞ്ഞെടുപ്പ് അടുത്തിരിക്കെ സര്‍ക്കാര്‍ പ്രതിപക്ഷത്തിനെതിരെ പകപോക്കുകയാണെന്ന് ആരോപണം ഉയര്‍ന്ന പശ്ചാത്തലത്തിലാണ് ഗവര്‍ണറുടെ നടപടി.

ബാര്‍ ലൈസന്‍സ് ഫീസ് കുറയ്ക്കാന്‍ ബാറുടമകള്‍ പിരിച്ച പണം കെപിസിസി പ്രസിഡന്റായിരുന്ന രമേശ് ചെന്നിത്തലയ്ക്കും മുന്‍ എക്‌സൈസ് മന്ത്രി കെ ബാബു, മുന്‍ ആരോഗ്യമന്ത്രി വി എസ് ശിവകുമാര്‍ എന്നിവര്‍ക്കും കൈമാറിയെന്നായിരുന്നു ബിജു രമേശിന്റെ വെളിപ്പെടുത്തല്‍. കെ എം മാണിക്കെതിരായ ബാര്‍ കോഴക്കേസിന് പിന്നില്‍ കോണ്‍ഗ്രസ് നേതാക്കള്‍ ഉള്‍പ്പെടുന്ന ഗൂഢാലോചനയുണ്ടെന്ന കേരള കോണ്‍ഗ്രസിന്റെ അന്വേഷണ റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെയാണ് ഇദ്ദേഹം തന്റെ മുന്‍ ആരോപണം വീണ്ടും ആവര്‍ത്തിച്ചത്.

ബാര്‍കോഴയില്‍ കെ എം മാണിക്കും കെ ബാബുവിനുമെതിരെയായിരുന്നു വിജിലന്‍സിന്റെ അന്വേഷണം. ബിജുരമേശിന്റെ പുതിയ വെളിപ്പെടുത്തലില്‍ പ്രാഥമിക അന്വേഷണം നടത്തിയ വിജിലന്‍സ് കേസെടുത്ത് അന്വേഷിക്കണമെന്ന റിപ്പോര്‍ട്ടാണ് സര്‍ക്കാറിന് നല്‍കിയത്. മുഖ്യമന്ത്രി അനുമതി നല്‍കിയെങ്കിലും പ്രതിപക്ഷ നേതാവിനും മുന്‍മന്ത്രിമാര്‍ക്കും എതിരായ അന്വേഷണത്തിന് ഉത്തരവിറക്കാന്‍ ഗവര്‍ണ്ണറുടേയും സ്പീക്കറുടേയും അനുമതി കൂടി വേണം.

Top