തിരുവനന്തപുരം: പിജി ഡോക്ടര്‍മാരുടെ പ്രധാന ആവശ്യങ്ങളിലൊന്ന് അംഗീകരിച്ച് സര്‍ക്കാര്‍. മെഡിക്കല്‍ കോളേജുകളിലേക്ക് നോണ്‍ അക്കാദമിക് ജൂനിയര്‍ റെസിഡന്റുമാരെ നിയമിച്ചു. 45,000 രൂപ പ്രതിമാസ ശമ്പളത്തോടെ 373 പേര്‍ക്കാണ് നിയമനം ലഭിച്ചത്. പി.ജി ഡോക്ടര്‍മാരുടെ സമരത്തിലെ പ്രധാന ആവശ്യങ്ങളില്‍ ഒന്നായിരുന്നു നോണ്‍ അക്കാദമിക് ജൂനിയര്‍ റെസിഡന്റുമാരുടെ നിയമനം.
നീറ്റ് പി.ജി പ്രവേശനം നീളുന്നത് മൂലമുള്ള ഡോക്ടര്‍മാരുടെ കുറവ് നികത്താനാണ് നോണ്‍ അക്കാദമിക് ജൂനിയര്‍ ഡോക്ടര്‍മാരെ നിയമിക്കണമെന്ന ആവശ്യം ഡോക്ടര്‍മാര്‍ ഉയര്‍ത്തിയത്. നേരത്തെ ആരോഗ്യമന്ത്രിയുമായി നടത്തിയ ചര്‍ച്ചയില്‍ സര്‍ക്കാര്‍ ഇക്കാര്യത്തില്‍ ഉറപ്പ് നല്‍കിയെങ്കിലും പിന്നീട് പിന്നോട്ട് പോയി. ആവശ്യങ്ങളോട് സര്‍ക്കാര്‍ മുഖം തിരിച്ചതോടെ ഡോക്ടര്‍മാര്‍ നാളെ മുതല്‍ അനിശ്ചിത കാല സമരത്തിന് തീരുമാനിക്കുകയായിരുന്നു. സമരത്തില്‍ പിജി ഡോക്ടമാര്‍ ഉറച്ചതോടെ സര്‍ക്കാര്‍ നിയമന ഉത്തരവിറക്കുകയായിരുന്നു.
അതിനിടെ സമരം ചെയ്യുന്നവര്‍ ഹോസ്റ്റല്‍ ഒഴിയണമെന്നാവശ്യപ്പെട്ട് കോഴിക്കോട്ടും തിരുവനന്തപുരത്തുമടക്കം മെഡിക്കല്‍ കേളേജ് പ്രിന്‍സിപ്പല്‍മാര്‍ പിജി ഡോക്ടര്‍മാര്‍ക്ക് നോട്ടീസ് നല്‍കി. ഇതോടെ തിരുവനന്തപുരത്തെ പിജി ഡോക്ടര്‍മാര്‍സമരപ്പന്തലില്‍ സംഘടിച്ചു പ്രതിഷേധിച്ചു.