തിരുവനന്തപുരം: സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പള പരിഷ്‌ക്കരണ റിപ്പോര്‍ട്ടിന് ഇന്നുചേര്‍ന്ന മന്ത്രിസഭായോഗത്തില്‍ അംഗീകാരമായി. പത്താം ശമ്പളക്കമ്മിഷന്റെ ശുപാര്‍ശ പ്രകാരമുള്ള സര്‍ക്കാര്‍ ജീവനക്കാരുടെ പുതുക്കിയ ശമ്പളം മാര്‍ച്ച് ഒന്നു മുതല്‍ ലഭിക്കുമെന്ന് മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി.
ശമ്പള പരിഷ്‌കരണ കമ്മീഷന്‍ റിപ്പോര്‍ട്ടിന്മേലുള്ള മന്ത്രിസഭാ ഉപസമിതിയുടെ ശുപാര്‍ശ സര്‍ക്കാര്‍ അംഗീകരിച്ചു. ശമ്പള കമ്മീഷന്‍ റിപ്പോര്‍ട്ട് പ്രകാരം 5200 കോടിയുടെ അധിക ബാധ്യത ശമ്പള, പെന്‍ഷന്‍ ഇനത്തില്‍ സര്‍ക്കാരിനുണ്ടാകും.
അധ്യാപക പാക്കേജിലെ കോടതി വിധിക്കെതിരെ അപ്പീല്‍ നല്‍കാനും മന്ത്രിസഭാ യോഗത്തില്‍ ധാരണയായി. കോര്‍പറേറ്റ് മാനേജ്‌മെന്റുമായുണ്ടാക്കിയ ധാരണ പാലിക്കും. ഈ വര്‍ഷം 1:30, 1:35 എന്ന അനുപാതം തുടരും. എന്നാല്‍ അടുത്ത വര്‍ഷം മുതല്‍ ഇത് 1:45 എന്ന അനുപാതത്തിലാക്കാനാണ് അപ്പീല്‍ നല്‍കുക. 45 കുട്ടികള്‍ക്ക് ഒരു അധ്യാപകന്‍ എന്ന സര്‍ക്കാര്‍ പാക്കേജ് കേന്ദ്രസര്‍ക്കാര്‍ ചട്ടങ്ങളുമായി യോജിക്കുന്നില്ലെന്ന് കാണിച്ചായിരുന്നു കോടതി സര്‍ക്കാര്‍ കൊണ്ടുവന്ന പാക്കേജ് റദ്ദാക്കിയത്.