ന്യൂഡല്‍ഹി: ബിജെപിയ്ക്കും ആര്‍.എസ്.എസിനുമെതിരെ രൂക്ഷ വിമര്‍ശനവുമായി മുതിര്‍ന്ന സുപ്രീംകോടതി അഭിഭാഷകനും കോണ്‍ഗ്രസ് നേതാവുമായ കപില്‍ സിബല്‍.
നീതിന്യായ വ്യവസ്ഥയില്‍പോലും ആര്‍.എസ്.എസ് പ്രത്യായശാസ്ത്രം നടപ്പാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുകയാണെന്ന് കപില്‍ സിബല്‍ തുറന്നടിച്ചു. രാജ്യത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പ്രധാനസ്ഥാനങ്ങളില്‍ ബിജെപി നേരത്തെ ആര്‍.എസ്.എസുകാരെ നിയമിച്ചു. ഇപ്പോള്‍ ജുഡീഷ്യറിയിലും ഈ ശ്രമം നടപ്പാക്കുകയാണെന്നും കപില്‍ സിബല്‍ വ്യക്തമാക്കി.
ഇത് അംഗീകരിക്കാനാവില്ല. എതിര്‍ക്കുക തന്നെ ചെയ്യും. ആവശ്യമെങ്കില്‍ നിയമപ്രശ്‌നമായി ഇതിനെ ഉയര്‍ത്തിക്കൊണ്ട് വരികയും ചെയ്യും. രാജ്യത്തെ എല്ലാ സ്ഥാപനങ്ങളേയും അക്രമിച്ച് കീഴ്‌പ്പെടുത്തികൊണ്ടിരിക്കുകയാണ്. മാധ്യമങ്ങളേയും ജുഡീഷ്യറിയേയും നിയന്ത്രിക്കാനുള്ള ശ്രമങ്ങളും നടന്നുകൊണ്ടിരിക്കുന്നു. ജനാധിപത്യത്തെ ദുര്‍ബലപ്പെടുത്തുന്നതാണ് ഇത്തരം നടപടികളെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ജുഡീഷ്യറിയില്‍ കേന്ദ്ര സര്‍ക്കാരിന്റെ നേരിട്ടുള്ള ഇടപെടലുകളെ കുറിച്ച് ജസ്റ്റിസ് ചെലമേശ്വര്‍ എഴുതിയ കത്ത് ആശങ്കപ്പെടുത്തുന്നതാണ്. ഓരോ സ്ഥാപനങ്ങളേയും വേട്ടയാടി പതുക്കെ പതുക്കെ തങ്ങളുടെ വരുതിയിലാക്കുകയാണ് സര്‍ക്കാര്‍ ചെയ്യുന്നത്. പ്രധാനമന്ത്രി ആദ്യം പാര്‍ലമെന്റ് നശിപ്പിച്ചു. ഇപ്പോള്‍ മാധ്യമങ്ങളേയും നീതിന്യായ വ്യവസ്ഥയും തകര്‍ക്കാന്‍ ശ്രമിക്കുന്നു. കോടതികളില്‍ താല്‍പ്പര്യപ്രകാരമുള്ള നിയമനങ്ങളാണ് നടത്തിക്കൊണ്ടിരിക്കുന്നതെന്നും സിബല്‍ ആരോപിച്ചു.