ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ട് നടപ്പാക്കണമെന്ന് സര്‍ക്കാരിന് നിര്‍ദേശം നല്‍കാനാവില്ല: ഹൈക്കോടതി

കൊച്ചി: സിനിമയില്‍ അഭിനയിക്കുന്ന സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളെ കുറിച്ച് പഠിച്ച ജസ്റ്റിസ് ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ട് നടപ്പാക്കണമെന്ന് സര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കാനാവില്ലെന്ന് ഹൈക്കോടതി . ഇത് സര്‍ക്കാരിന്റെ വിവേചനാധികാരമാണെന്നും ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷന്‍ ബഞ്ച് പറഞ്ഞു.

ജസ്റ്റിസ് ഹേമ കമ്മിഷന്റെ റിപ്പോര്‍ട്ട് നടപ്പാക്കണമെന്നും കമ്മീഷനു സാക്ഷികള്‍ നല്കിയ മൊഴിയില്‍ പരാമര്‍ശമുളളവര്‍ക്കെതിരെ നടപടി വേണമെന്നും ആവശ്യപ്പെട്ട് ‘ദിശ’ എന്ന സംഘടന സമര്‍പ്പിച്ച ഹര്‍ജിയാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബഞ്ച് പരിഗണിച്ചത്. പീഡന പരാതികള്‍ പരിഗണിക്കുന്നതിന് ജില്ലാ തലങ്ങളിലായി 258 നോഡല്‍ ഓഫീസര്‍മാരെ നിയമിച്ചിട്ടുണ്ടെന്ന് സര്‍ക്കാര്‍ അറിയിച്ചു.

ജോലി സ്ഥലത്ത് സ്ത്രികള്‍ക്കെതിരായ ലൈംഗികാതിക്രമ പരാതികള്‍ അന്വേഷിക്കുന്നതിന് 14 ജില്ലകളിലും സമിതികളെ നിയോഗിച്ചതായി സര്‍ക്കാരിനു വേണ്ടി ഹാജരായ സ്റ്റേറ്റ് അറ്റോര്‍ണി എന്‍ മനോജ് കുമാര്‍ ബോധിപ്പിച്ചു.

 

Top