ഭാര്യയുടെ ചെലവ് വഹിക്കാനാവില്ല ; ചെയര്‍മാന്റെ ആവശ്യം പൊതുഭരണ വകുപ്പ് തള്ളി

തിരുവനന്തപുരം: ഔദ്യോഗികയാത്രകളില്‍ ഭാര്യയുടെ ചെലവ് സര്‍ക്കാര്‍ വഹിക്കണമെന്ന പി.എസ്.സി ചെയര്‍മാന്‍ എം.കെ. സക്കീറിന്റെ ആവശ്യം തള്ളി. മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും മറ്റു ഭരണഘടനാ സ്ഥാപനങ്ങളിലെ ചെയര്‍മാന്‍മാര്‍ക്കും ഇല്ലാത്ത അവകാശം പി.എസ്.സി ചെയര്‍മാനു മാത്രം അനുവദിക്കാനാകില്ലെന്നാണ് പൊതുഭരണ വകുപ്പിന്റെ നിലപാട്. ഇത് രേഖാമൂലം മുഖ്യമന്ത്രിയെ അറിയിക്കും.

ചെയര്‍മാന്റെ ആവശ്യം പി.എസ്.സി സെക്രട്ടറി സാജു ജോര്‍ജ് പൊതുഭരണ വകുപ്പിന് കൈമാറുകയായിരുന്നു. നിലവില്‍ ഔദ്യോഗിക വാഹനവും ഡ്രൈവറും പെട്രോള്‍ അലവന്‍സും ഔദ്യോഗിക വസതിയും ഒന്നര ലക്ഷത്തിലധികം രൂപ ശമ്പളവും ,ഐ.എ.എസ്. ജീവനക്കാരുടേതിനു തുല്യമായ കേന്ദ്ര നിരക്കിലുള്ള ഡി.എയും ചെയര്‍മാന് അനുവദിക്കുന്നുണ്ട്.

ചെയര്‍മാന്‍ ചട്ടം ലംഘിച്ച് തൃശൂരിലും തിരുവനന്തപുരത്തുമായി രണ്ടു ഔദ്യോഗിക വാഹനങ്ങള്‍ ഉപയോഗിക്കുന്നതായും ആരോപണമുയര്‍ന്നിരുന്നു.

സംസ്ഥാനത്തിന് അകത്തും പുറത്തുമുള്ള ഔദ്യോഗിക യാത്രകളില്‍ തന്റെ ഭാര്യയുടെ ചെലവും സര്‍ക്കാര്‍ വഹിക്കണമെന്ന ആവശ്യവുമായാണ് പി.എസ്.സി ചെയര്‍മാന്‍ എം.കെ.സക്കീര്‍ കത്തയച്ചത്. ഇതിനുള്ള ഉത്തരവ് സര്‍ക്കാര്‍ പുറപ്പെടുവിക്കണമെന്നും കത്തില്‍ ആവശ്യപ്പെട്ടിരുന്നു.

മറ്റുള്ള സംസ്ഥാനങ്ങളില്‍ പി.എസ്.സി അദ്ധ്യക്ഷനെ ഔദ്യോഗിക യാത്രകളില്‍ അനുഗമിക്കുന്ന ജീവിതപങ്കാളിയുടെ യാത്രാച്ചെലവ് സര്‍ക്കാരാണ് വഹിക്കുന്നത്. എന്നാല്‍ കേരളത്തില്‍ ഇത്തരം ഉത്തരവുകളൊന്നും സര്‍ക്കാര്‍ ഇതുവരെ പുറപ്പെടുവിച്ചിട്ടില്ല.

Top