ന്യൂഡല്‍ഹി: ഇസ്രത്ത് ജഹാന്‍ കേസില്‍ സമര്‍പ്പിച്ച രണ്ടു സത്യവാങ്ങ്മൂലങ്ങളുടെ പേരില്‍ വ്യാജ വിവാദം സൃഷ്ടിക്കുകയാാണ് മോദി സര്‍ക്കാരെന്ന് കോണ്‍ഗ്രസ് നേതാവും മുന്‍ ആഭ്യന്തരമന്ത്രിയുമായ പി.ചിദംബരം.
ഇസ്രത്ത് ജഹാന്‍ കേസുമായി ബന്ധപ്പെട്ട് കാണാതായ ഫയലുകളെ കുറിച്ച് അന്വേഷണം നടത്തുന്ന പാനല്‍ ഒരു സാക്ഷിയോട് കാണാതായ ഫയലുകള്‍ കണ്ടിട്ടേയില്ലെന്ന് പറയണമെന്ന് നിര്‍ദ്ദേശിച്ചു എന്ന് ഒരു പത്രത്തില്‍ വാര്‍ത്ത വന്നിരുന്നു. ഇതേ തുടര്‍ന്നാണ് കേസില്‍ അന്നത്തെ കേന്ദ്രസര്‍ക്കാര്‍ ഫയല്‍ ചെയ്ത രണ്ടു സത്യവാങ്ങ്മൂലത്തിലും എന്‍.ഡി.എ സര്‍ക്കാര്‍ വ്യാജ വിവാദങ്ങളാണ് ഉണ്ടാക്കുന്നതെന്നാണ് വാര്‍ത്തയില്‍ നിന്നും വ്യക്താകുന്നതെന്ന് ചിദംബരം പറഞ്ഞത്.
അന്വേഷണ ഉദ്യോഗസ്ഥന്‍ സമര്‍പ്പിച്ച വ്യാജ റിപ്പോര്‍ട്ടുകള്‍ക്ക് സത്യം മറച്ചുവെയ്ക്കാന്‍ സാധിക്കില്ല. യഥാര്‍ത്ഥ പ്രശ്‌നം ഇസ്രത്ത് ജഹാനും മറ്റ് മൂന്നു പേരും യഥാര്‍ത്ഥ ഏറ്റുമുട്ടലിലാണൊ അതോ വ്യാജ ഏറ്റുമുട്ടലിലാണോ കൊല്ലപ്പെട്ടത് എന്നാണ്. 2013 ജൂലൈ മുതല്‍ മുടങ്ങി കിടക്കുന്ന കേസിന്റെ വിചാരണ ആരംഭിച്ചാല്‍ മാത്രമേ സത്യം പുറത്തുവരുകയുള്ളുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.