ന്യൂഡല്‍ഹി: ഇസ്ലാമിക് സ്റ്റേറ്റ് ഭീകരരില്‍ നിന്ന് ഫാദര്‍ ടോം ഉഴുന്നാലിനെ മോചിപ്പിച്ചത് മോദി സര്‍ക്കാരിന്റെ ഇച്ഛാശക്തികൊണ്ടാണെന്ന് കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം.
യമനില്‍ തട്ടിക്കൊണ്ടുപോയ ഫാദര്‍ ടോം ഉഴുന്നാലിനെ മോചിപ്പിച്ച് കഴിഞ്ഞ ദിവസം അദ്ദേഹത്തിന്റെ വീട്ടിലെത്തിച്ചു. എല്ലാ പൗരന്‍മാരേയും സംരക്ഷിക്കാന്‍ സര്‍ക്കാരിനാകും. പ്രധാനമന്ത്രിയുടേയും വിദേശകാര്യമന്ത്രിയുടേയും തികഞ്ഞ ദൃഢനിശ്ചയമാണ് അദ്ദേഹത്തെ മോചിപ്പിക്കാനിടയാക്കിയതെന്നും കണ്ണന്താനം പറഞ്ഞു.
അമേരിക്കക്കാര്‍ക്കും യുറോപ്യന്‍ രാജ്യങ്ങളിലുള്ളവര്‍ക്കും ചെയ്യാന്‍ കഴിയാത്ത കാര്യമാണ് നമ്മള്‍ നടത്തിയതെന്നും കണ്ണന്താനം അവകാശപ്പെട്ടു. യമനില്‍ ഇന്ത്യക്ക് എംബസി ഇല്ലായിരുന്നു. വലിയ നയതന്ത്ര വിന്യാസത്തോടെയും അയല്‍ രാജ്യങ്ങളുമായുള്ള നീണ്ട ആശയസംവാദത്തിലൂടെയുമാണ് അദ്ദേഹത്തിന്റെ മോചനം സാധ്യമാക്കിയത്. ജാതിയും മതവും പരിഗണിക്കാതെ എല്ലാ ഇന്ത്യക്കാരേയും സംരക്ഷിക്കാനാണ് ഈ സര്‍ക്കാരിന്റെ തീരുമാനം.
ലിബിയയില്‍ നിന്ന് ഫാദര്‍ പ്രേം കുമാറിനേയും അഫ്ഗാനിസ്ഥാനില്‍ നിന്ന് ജുദിത്ത് ജുദിത്ത് ഡി സൂസയേയും മോചിപ്പിച്ചത് ഇതിന്റെ ഉദാഹരണമാണെന്നും കണ്ണന്താനം പറഞ്ഞു.