ഐഎംഎ പണിമുടക്കിന് പിന്തുണ നൽകി സർക്കാർ ഡോക്ടർമാർ ഡ്യൂട്ടിയിൽ നിന്ന് വിട്ടു നിൽക്കും

തിരുവനന്തപുരം : ഐഎംഎയുടെ നാളത്തെ പണിമുടക്കിന് പിന്തുണ അറിയിച്ച് സർക്കാർ ഡോക്ടർമാർ. സർക്കാർ ഡോക്ടർമാർ നാളെ അവധി എടുത്ത് ഡ്യൂട്ടിയിൽ നിന്ന് വിട്ടു നിൽക്കും. നാളെ സംസ്ഥാനം ഒട്ടാകെ പ്രതിഷേധ ദിനമായി ആചരിക്കാനാണ് തീരുമാനം. അത്യാഹിത വിഭാഗം, ലേബർ റൂം, എമർജൻസി എന്നിവ മുടങ്ങില്ല. കോഴിക്കോട് ഡോക്ടർക്ക് എതിരായുണ്ടായ അതിക്രമത്തിൽ ആണ് പ്രതിഷേധം. കുറ്റക്കാരെ അറസ്റ്റ് ചെയ്യും എന്ന സർക്കാർ ഉറപ്പ് പാലിക്കണം എന്ന് കെജിഎംഒഎ (Kerala Government Medical Officer’s Association) ആവശ്യപ്പെട്ടു.

ചികിത്സ വൈകിയെന്നാരോപിച്ച് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലെ ഡോക്ടറെ രോഗിയുടെ ബന്ധുക്കൾ മർദിച്ചിരുന്നു. കോഴിക്കോട് ഫാത്തിമ ആശുപത്രിയിലെ കാർഡിയോളജിസ്റ്റ് പി കെ അശോകനാണ് മർദ്ദനമേറ്റത്. സി ടി സ്കാൻ റിപ്പോർട്ട് ലഭിക്കാൻ വൈകിയെന്നാരോപിച്ചായിരുന്നു മർദ്ദനം. ആശുപത്രി കൗണ്ടറിൻ്റെ ചില്ലും ചെടി ചട്ടികളും രോഗിയുടെ കൂട്ടിരിപ്പുകാർ തകർക്കുകയും ചെയ്തിരുന്നു.

Top