ന്യൂഡല്‍ഹി: കൊറോണ ഭീതിയില്‍ വിദേശത്ത് കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരുടെ തിരിച്ചെത്തിക്കാന്‍ അടിയന്തര നടപടി സ്വീകരിക്കുമെന്ന് കേന്ദ്രം. വിമാനത്താവളങ്ങളില്‍ കുടുങ്ങിയവരെ പരിശോധിക്കാന്‍ നാളെത്തന്നെ ഇറ്റലിയിലേക്ക് ഇന്ത്യയില്‍ നിന്നുള്ള മെഡിക്കല്‍ സംഘത്തെ അയക്കുമെന്ന് വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍ പറഞ്ഞു.
ഇറാനില്‍ കേരളത്തില്‍നിന്നുള്ള ആയിരത്തോളം മത്സ്യത്തൊഴിലാളികളും 11000ഓളം തീര്‍ത്ഥാടകരും കുടുങ്ങിക്കിടക്കുന്നുണ്ട്. തീര്‍ഥാടകരെ തിരിച്ചെത്തിക്കുന്നതിലാണ് ആദ്യ പരിഗണന. മത്സ്യത്തൊഴിലാളികള്‍ കുടുങ്ങിക്കിടക്കുന്ന മേഖലകളില്‍ കൊറോണ തീവ്രമായി ബാധിച്ചിട്ടില്ല. അതുകൊണ്ടാണ് തീര്‍ഥാടകരെ തിരിച്ചെത്തിക്കാന്‍ ആദ്യം മുന്‍തൂക്കം നല്‍കുന്നതെന്നും മന്ത്രി രാജ്യസഭയില്‍ വ്യക്തമാക്കി.
ലോകത്തിന്റെ ഏത് കോണിലുള്ള ഇന്ത്യക്കാരുടെയും സുരക്ഷിതത്വം ഉറപ്പാക്കുന്നതില്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്. രോഗം പടരാതിരിക്കാനാണ് വിദേശത്ത് നിന്ന് വരുന്നവര്‍ക്ക് കോവിഡ് ഇല്ലെന്ന സാക്ഷ്യപത്രം ഹാജരാക്കാന്‍ ആവശ്യപ്പെട്ടത്. ഇതുമൂലം ഇറ്റലിയില്‍ കുടുങ്ങിയവര്‍ക്കുള്ള പ്രശ്‌നങ്ങള്‍ മനസ്സിലാക്കുന്നുവെന്നും എത്രയും പെട്ടെന്ന് പ്രശ്‌നം പരിഹരിക്കാനാണ് കേന്ദ്രം ശ്രമിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
സിവില്‍ ഏവിയേഷന്‍ ഡയറക്ടര്‍ ജനറല്‍ കഴിഞ്ഞ അഞ്ചാം തിയ്യതി പുറപ്പെടുവിച്ച സര്‍ക്കുലറാണ് യാത്രക്കാര്‍ക്ക് വിനയായത്. ഇറ്റലി, റിപ്പബ്ലിക്ക് ഓഫ് കൊറിയ എന്നിവിടങ്ങളില്‍ നിന്ന് ഇന്ത്യയിലേക്ക് മടങ്ങുന്നവര്‍ കോവിഡ് 19 ബാധിച്ചിട്ടില്ലെന്ന് വ്യക്തമാക്കുന്ന പരിശോധനാ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമെന്നാണ് സര്‍ക്കുലറില്‍ പറയുന്നത്.
ഇറ്റലിയില്‍ വിമാനത്താവളത്തില്‍ കുടുങ്ങിയ മലയാളികളെ ഇന്ത്യയിലെത്തിക്കാന്‍ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് ഇന്നലെ കത്തയച്ചിരുന്നു.