സമരം നടത്തുന്ന പി ജി ഡോക്ടര്‍മാരെ ചര്‍ച്ചക്ക് വിളിച്ച് സര്‍ക്കാര്‍

തിരുവനന്തപുരം: വിവിധ ആവശ്യങ്ങളുന്നയിച്ച് സമരം നടത്തുന്ന പി ജി ഡോക്ടര്‍ മാരെ സര്‍ക്കാര്‍ ചര്‍ച്ചക്ക് വിളിച്ചു. ഡോക്ടര്‍മാരുമായി നാളെ ചര്‍ച്ചക്ക് തയ്യാറാണെന്ന് ആരോഗ്യ മന്ത്രി അറിയിച്ചു. മെഡിക്കല്‍ കോളജുകളുടെ താളംതെറ്റിച്ച് ഡോക്ടര്‍മാരുടെ സമരം തുടരുന്നതിനിടയിലാണ് സര്‍ക്കാര്‍ ഡോക്ടര്‍മാരെ ചര്‍ച്ചക്ക് വിളിച്ചത്.

പി.ജി ഡോക്ടര്‍മാരുടെ സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് ഹൗസ് സര്‍ജന്‍മാരും പണിമുടക്കുകയാണ്. സമരത്തെത്തുടര്‍ന്ന് നേരത്തെ നിശ്ചയിച്ച ഓപ്പറേഷനുകള്‍ മാറ്റിയിരുന്നു. മെഡിക്കല്‍ കോളജ് അധ്യാപക സംഘടനകളും സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് രംഗത്തുണ്ട്. സമരം നടത്തുന്ന പി.ജി ഡോക്ടര്‍മാര്‍ ഇന്ന് സെക്രട്ടറിയേറ്റിന് മുന്നിലേക്ക് മാര്‍ച്ച് നടത്തി.

തിരുവനന്തപുരം, കോഴിക്കോട് മെഡിക്കല്‍ കോളജ് ഒപികളില്‍ പകുതി ഡോക്ടര്‍മാര്‍ മാത്രമാണ് എത്തിയത്. തുടര്‍ന്ന് രാവിലെ മുതല്‍ ആശുപത്രിയിലെത്തിയ രോഗികള്‍ പലരും മടങ്ങി. അടിയന്തര ശസ്ത്രക്രിയകള്‍ മാത്രമാണ് ഇന്ന് നടക്കുക. സമരത്തിന്റെ പശ്ചാത്തലത്തില്‍ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ സീനിയര്‍ ഡോക്ടര്‍മാരെ പുനര്‍വിന്യസിച്ചു ബദല്‍ സംവിധാനം ഒരുക്കി. സമരത്തിലുള്ള ഹൗസ് സര്‍ജന്‍മാരെ ആരോഗ്യമന്ത്രി നേരത്തെ ചര്‍ച്ചയ്ക്ക് വിളിച്ചിരുന്നു.

പി.ജി ഡോക്ടര്‍മാരുടെ പ്രധാന ആവശ്യമായിരുന്ന നോണ്‍ അക്കാദമിക് ജൂനിയര്‍ ഡോക്ടര്‍മാരുടെ നിയമന നടപടികള്‍ തുടരുകയാണ്. സര്‍ക്കാര്‍ നിശ്ചയിച്ച ജൂനിയര്‍ ഡോക്ടര്‍മാരുടെ എണ്ണം അപര്യാപ്തമാണെന്നാണ് സമരക്കാര്‍ പറയുന്നത്. സര്‍ക്കാരിന് ഇനി കൂടുതല്‍ ഒന്നും ചെയ്യാനില്ലെന്നാണ് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് പറഞ്ഞത്.

Top