തിരുവനന്തപുരം: പ്രതിഷേധങ്ങൾ ശക്തമായ പശ്ചാത്തലത്തിൽ കരാര്‍ ജീവനക്കാരെയും താത്കാലിക ജീവനക്കാരെയും സ്ഥിരപ്പെടുത്തുന്ന നടപടി താൽക്കാലികമായി നിര്‍ത്തിവച്ച് സംസ്ഥാന സര്‍ക്കാര്‍. പത്ത് വർഷം തികച്ചവരെ മാത്രമാണ് സ്ഥിരപ്പെടുത്താൻ തീരുമാനിച്ചിരുന്നതെന്നും, സ്ഥിരപ്പെടുത്തൽ നടപടി സുതാര്യമാണെന്നും, എന്നാൽ പ്രതിപക്ഷം തെറ്റിദ്ധാരണ പടർത്തുകയാണെന്നും വിലയിരുത്തിയാണ് നടപടി താൽക്കാലികമായി നിർത്തി വയ്ക്കാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചത്. മൂന്നു മണിക്കൂര്‍ നീണ്ട ഇന്നത്തെ മന്ത്രിസഭാ യോഗത്തിന്റേതാണ് തീരുമാനം.
എന്നാൽ ഇതുവരെ നടത്തിയ കരാർ നിയമനങ്ങളുടെ സ്ഥിരപ്പെടുത്തൽ റദ്ദാക്കില്ല. ആരോഗ്യ, റവന്യൂ വകുപ്പുകളിലേക്ക് അടക്കം നൂറ്റിയമ്പതോളം പേരെ സ്ഥിരപ്പെടുത്താനുള്ള അജണ്ട ഇന്ന് മന്ത്രിസഭായോഗത്തിന് മുന്നിലുണ്ടായിരുന്നു. ഇവ തിരിച്ച് അയക്കുന്നതിനും ആരോഗ്യവകുപ്പിലും റവന്യൂവകുപ്പിലും കൂടുതല്‍ തസ്തികകള്‍ സൃഷ്ടിക്കുന്നതിനും തീരുമാനമായി. അതേസമയം, ഉദ്യോഗാര്‍ത്ഥികളുടെ സമരം അവസാനിപ്പിക്കുന്നതിന് ചര്‍ച്ച നടത്തേണ്ടതില്ലെന്ന തീരുമാനവും മന്ത്രിസഭായോഗമെടുത്തു.