ഷുഹൈബ് വധം ; സി.ബി.ഐ അന്വേഷണം ആവശ്യമില്ലെന്ന് സര്‍ക്കാര്‍ സുപ്രീം കോടതിയില്‍

Shuhaib1

ന്യൂഡല്‍ഹി : മട്ടന്നൂരില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ഷുഹൈബ് കൊല്ലപ്പെട്ട സംഭവത്തില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് പിതാവ് സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ സര്‍ക്കാര്‍ സത്യവാങ്മൂലം നല്‍കി. ഷുഹൈബിന്റെ മാതാപിതാക്കള്‍ ഉന്നയിക്കുന്ന ആരോപണങ്ങള്‍ക്ക് തെളിവില്ല. വെറും പത്രവാര്‍ത്തകളുടെ അടിസ്ഥാനത്തിലാണ് സി.ബി.ഐ അന്വേഷണമെന്ന ആവശ്യം മുന്നോട്ട് വയ്ക്കുന്നത്. കേസില്‍ സി.ബി.ഐ അന്വേഷിക്കേണ്ട സാഹചര്യമില്ലെന്നും സര്‍ക്കാര്‍ സത്യവാങ്മൂലത്തില്‍ ചൂണ്ടിക്കാട്ടുന്നു.

കേസിലെ പ്രതികള്‍ക്ക് മുഖ്യമന്ത്രിയുമായോ സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി.ജയരാജനുമായോ ബന്ധമില്ല. ഷുഹൈബിനെ വധിക്കാന്‍ കണ്ണൂരിലെ പാര്‍ട്ടി നേതാക്കള്‍ ഗൂഢാലോചന നടത്തിയെന്ന വാദവും നിലനില്‍ക്കില്ല. ഇക്കാര്യങ്ങളെല്ലാം മാദ്ധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തിലുള്ളതാണ്. കേസില്‍ പിടികൂടിയ പ്രതികളെല്ലാം ഇപ്പോഴും ജയിലിലാണ്. കൊല ചെയ്യാന്‍ ഉപയോഗിച്ച ആയുധങ്ങളും പ്രതികള്‍ സഞ്ചരിച്ച വാഹനവും കണ്ടെത്തിയില്ലെന്ന വാദം തെറ്റാണെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.

നേരത്തെ ഷുഹൈബിന്റെ മാതാപിതാക്കളുടെ ഹര്‍ജിയില്‍ ഹൈക്കോടതി സിംഗിള്‍ ബെഞ്ച് കേസിന്റെ അന്വേഷണം സി.ബി.ഐയ്ക്ക് വിട്ടിരുന്നു. എന്നാല്‍ ഇതിനെതിരായ സര്‍ക്കാര്‍ അപ്പീലിനെ തുടര്‍ന്ന് ഈ ഉത്തരവ് ഹൈക്കോടതിയുടെ തന്നെ ഡിവിഷന്‍ ബെഞ്ച് താത്കാലികമായി സ്‌റ്റേ ചെയ്തു.

കഴിഞ്ഞ ഫെബ്രുവരി 12ന് രാത്രിയാണ് യൂത്ത് കോണ്‍ഗ്രസ് മട്ടന്നൂര്‍ ബ്ലോക്ക് സെക്രട്ടറിയായ എടയന്നൂരിലെ എസ്.പി. ഷുഹൈബി (29)നെ തെരൂര്‍ തട്ടുകടയില്‍ വച്ചു വെട്ടിക്കൊലപ്പെടുത്തിയത്. കേസില്‍ പ്രതികളായ 11 സി.പി.എം പ്രവര്‍ത്തകരെ പൊലീസ് പിടികൂടിയിരുന്നു.

Top