സർക്കാർ വകുപ്പുകളിൽ പുതിയ തീരുമാനങ്ങൾ നടപ്പിലാക്കാൻ ഒരുങ്ങി സർക്കാർ

തിരുവനന്തപുരം: സര്‍ക്കാര്‍ വകുപ്പുകളിലും പൊതുമേഖലാ സ്ഥാപനങ്ങളിലും നേരിട്ട് താത്കാലിക നിയമനം നടത്തുന്നത് സര്‍ക്കാര്‍ വിലക്കി. പിഎസ്‌സി ലിസ്റ്റ് നിലവിലില്ലെങ്കില്‍ നിയമനം എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ നിന്നും നിര്‍ബന്ധമാക്കിയിട്ടുണ്ട്. നേരിട്ട് താത്കാലിക നിയമനം നടത്തിയവരെ പിരിച്ചുവിടാനും നിര്‍ദേശിച്ചു. ആദ്യപടിയായി അനധികൃതമായി നിയമിച്ച താത്കാലിക ഡ്രൈവര്‍മാരെ പിരിച്ചുവിടാന്‍ ജില്ലാ എംപ്ലോയ്മെന്റ് ഓഫീസര്‍ വകുപ്പ് മേധാവികള്‍ക്ക് നോട്ടീസ് നല്‍കിയിട്ടുണ്ട്.

ഒഴിവുകളില്‍ നേരിട്ട് നിയമനം നടത്തുന്നതിലൂടെ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളില്‍ പേര് രജിസ്റ്റര്‍ ചെയ്തു വര്‍ഷങ്ങളായി ജോലിക്ക് കാത്തിരിക്കുന്നവര്‍ക്ക് തൊഴില്‍ ലഭിക്കാതെ വരുന്നു. മാത്രമല്ല അനധികൃത നിയമനങ്ങള്‍ സംവരണ തത്വം അട്ടിമറിക്കുകയും സംവരണ സമുദായങ്ങള്‍ക്ക് ലഭിക്കേണ്ട തൊഴിലവസരങ്ങള്‍ നഷ്ടപ്പെടുത്തുകയും ചെയ്യുന്നു, ഇത്തരം കാര്യങ്ങൾ സംഭവിക്കാതിരിക്കാനാണ് പുതിയ തീരുമാനം. പിഎസ്‌സിയുടെ നിയമന പരിധിയില്‍പ്പെടാത്ത സ്ഥാപനങ്ങളില്‍ നിര്‍ബന്ധമായും എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴിയായിരിക്കണം നിയമനമെന്നും നിര്‍ദേശിച്ചിട്ടുണ്ട്. അനധികൃതമായി നിയമനം നേടിയവരെ പിരിച്ചുവിടാനും നടപടി തുടങ്ങിയിട്ടുണ്ട്.

Top