തിരുവനന്തപുരം: ഓണം പ്രമാണിച്ച് സംസ്ഥാനത്ത് പുതിയ കൊവിഡ് മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി. കൊവിഡ് വൈറസ് വ്യാപനം നിലനില്‍ക്കുന്ന അതിതീവ്രമേഖലകള്‍ക്ക് പുറത്ത് രാവിലെ ഏഴ് മുതല്‍ രാത്രി ഒന്‍പത് മണി വരെ വ്യാപാരസ്ഥാപനങ്ങള്‍ തുറന്നു പ്രവര്‍ത്തിപ്പിക്കാന്‍ അനുമതി നല്‍കും. കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ചു കൊണ്ടുള്ള വ്യാപാരം ഉറപ്പുവരുത്താനായി സര്‍ക്കാര്‍ വ്യാപാരികളുമായി അടിയന്തര യോഗം വിളിച്ചു ചേര്‍ത്തിട്ടുണ്ട്.
വ്യാപാരസ്ഥാപനങ്ങളുടെ വലിപ്പം അനുസരിച്ചു വേണം ആളുകളെ അകത്തേക്ക് പ്രവേശിപ്പിക്കാന്‍. ഒരേ സമയം കടകളില്‍ പ്രവേശിപ്പിക്കാവുന്നവരുടെ എണ്ണം വ്യാപാരികള്‍ പ്രദര്‍ശിപ്പിക്കണം. കടയിലെത്തുന്നവര്‍ക്കും വ്യാപാരികള്‍ക്കും മാസ്‌ക് നിര്‍ബന്ധമാണ്. എല്ലാ കടകളിലും സാനിറ്റൈസര്‍ സൂക്ഷിക്കേണ്ടത് നിര്‍ബന്ധമാണ്.
ഓണം വിപണിയില്‍ തിരക്ക് അനുഭവപ്പെടാന്‍ സാധ്യതയുള്ളതിനാല്‍ താല്‍കാലികമായി കുറച്ചധികം പൊതു മാര്‍ക്കറ്റുകള്‍ സജ്ജീകരിക്കണം. എല്ലായിടത്തും ശാരീരിക അകലം പാലിക്കണം. ഇതുറപ്പാക്കാന്‍ പരിശീലനം ലഭിച്ചവരുടെ മേല്‍നോട്ടം ഉണ്ടാകണമെന്നും നിര്‍ദേശമുണ്ട്. ആഘോഷങ്ങളും കൂട്ടം കൂടിയുള്ള സദ്യ വട്ടങ്ങളും പ്രദര്‍ശന വ്യാപാര മേളകളും ഒഴിവാക്കണമെന്നും നിര്‍ദേശമുണ്ട്. ഓഫീസുകളിലെ പൂക്കളങ്ങള്‍ ഒഴിവാക്കണം. ഇതര സംസ്ഥാനങ്ങളില്‍ നിന്നുള്ള പൂക്കള്‍ വാങ്ങരുതെന്നും നിര്‍ദേശമുണ്ട്.