സര്‍ക്കാര്‍ തരിശുഭൂമി; ജോയ്‌സ് ജോര്‍ജ്ജ് എംപിയുടെ 20 ഏക്കര്‍ ഭൂമിയുടെ പട്ടയം റദ്ദാക്കി

joyce-george-mp

മൂന്നാര്‍: കോട്ടക്കമ്പൂരില്‍ ജോയ്‌സ് ജോര്‍ജ്ജ് എംപിയുടെയും കുടുംബത്തിന്റെയും പേരിലുണ്ടായിരുന്ന പട്ടയം റദ്ദാക്കി ദേവികുളം സബ് കളക്ടര്‍.

സര്‍ക്കാര്‍ തരിശു ഭൂമിയെന്നു കണ്ടെത്തലിനെ തുടര്‍ന്നാണ് നടപടി.

20 ഏക്കര്‍ ഭൂമിയുടെ പട്ടയം ആണ് ദേവികുളം കളക്ടര്‍ റദ്ദാക്കിയത്. ഭൂപതിവ് രേഖാ ലാന്‍ഡ് അസൈന്‍മെന്റ് കമ്മറ്റി ചേരാത്ത സാഹചര്യത്തിലാണ് കളക്ടറുടെ നടപടി.

ഇക്കഴിഞ്ഞ ഏഴാം തിയ്യതി ഭൂമിയുടെ രേഖകള്‍ ഹാജരാക്കാന്‍ ജോയ്‌സ് ജോര്‍ജ്ജിന് കളക്ടര്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു.

അദ്ദേഹം കൃത്യമായ രേഖകള്‍ ഹാജരാക്കാതിരുന്നതും ഭൂമി സംബന്ധിച്ച് നഷ്ടപ്പെട്ട ചില രേഖകള്‍ സര്‍ക്കാരിന് തിരിച്ചു കിട്ടിയതും എംപിയ്ക്ക് തിരിച്ചടിയായി.

എന്നാല്‍ കൊട്ടക്കാമ്പൂരില്‍ തന്റെയും ബന്ധുക്കളുടെയും പേരിലുളള 20 ഏക്കര്‍ ഭൂമി യുടെ ഉടമസ്ഥാവകാശം റദ്ദ് ചെയ്ത ഇടുക്കി ജില്ലാഭരണകൂടത്തിന്റെ നടപടി സ്വാഭാവികനീതിയുടെ നിഷേധമെന്ന് ജോയ്‌സ് ജോര്‍ജ്ജ് എം പി പ്രതികരിച്ചു.

ഭൂമിയുടെ ഉടമസ്ഥാവകാശം റദ്ദ് ചെയ്യുന്നതിന് മുന്‍പ് തന്റെ വിശദീകരണം തേടിയില്ല. ഇതിനെതിരെ നിയമനടപടി കളുമായി മുന്നോട്ടുപോകുമെന്നും ജോയ്‌സ് ജോര്‍ജ്ജ് എം പി വ്യക്തമാക്കി.

ദേവികുളം സബ്കളക്ടര്‍ റദ്ദു ചെയ്ത 20 ഏക്കര്‍ ഭൂമിയുടെ ഉടമസ്ഥാവകാശം തെളിയിക്കുന്ന എല്ലാ രേഖകളും തന്റെ പക്കലുണ്ട്. രേഖകള്‍ സംബന്ധിച്ച് അവ്യക്തതയില്ല. 1964 ലെ നിയമമനുസരിച്ച് തരിശുഭൂമിയ്ക്കാണ് പിന്നിട് പട്ടയം നല്‍കുന്നത്. അതുകൊണ്ട് സര്‍ക്കാരിന്റെ തരിശ്ഭൂമി കൈയേറി എന്നത് അടിസ്ഥാനരഹിതമാണെന്നും ജോയ്‌സ് ജോര്‍ജ്ജ് പറഞ്ഞു. താന്‍ എംപിയോ, അഭിഭാഷകനോ ആകുന്നതിന് മുന്‍പാണ് ഭൂമികൈമാറ്റം നടന്നതെന്നും അദ്ദേഹം വിശദീകരിച്ചു.

Top