എയര്‍ഇന്ത്യയെ സ്വകാര്യവത്കരിക്കല്‍;ശ്രമങ്ങള്‍ വിഫലമായതിനെ തുടര്‍ന്ന് പുതിയ തന്ത്രവുമായി കേന്ദ്രം

AIRINDIA

ന്യൂഡല്‍ഹി: എയര്‍ ഇന്ത്യയെ സ്വകാര്യവത്കരിക്കാനുള്ള ശ്രമങ്ങള്‍ ഫലം കാണാത്തതിനെത്തുടര്‍ന്ന് കേന്ദ്രം പുതിയ തന്ത്രം ആവിഷ്‌കരിക്കുന്നു. പൊതുമേഖല വിമാനകമ്പനിയായ എയര്‍ ഇന്ത്യയുടെ ഭൂരിഭാഗം ഓഹരികള്‍ക്കായുള്ള ബിഡ് സമര്‍പ്പിക്കാനുള്ള അവസാന തീയതി മേയ് 31 ആയിരുന്നു. എന്നാല്‍, ഒരു കമ്പനി പോലും ഏറ്റെടുക്കാന്‍ താത്പര്യം കാണിക്കാതിരുന്നതിനെത്തുടര്‍ന്നാണ് പൂര്‍ണമായ വിറ്റൊഴിയലിന് സര്‍ക്കാര്‍ ശ്രമിക്കുന്നത്.

കമ്പനിയുടെ 100 ശതമാനം ഓഹരികളും വിറ്റഴിക്കാനാണ് സര്‍ക്കാര്‍ ഇപ്പോള്‍ ശ്രമിക്കുന്നത്. പൂര്‍ണമായി വിറ്റഴിക്കാന്‍ വച്ചാല്‍ ആവശ്യക്കാര്‍ ഉണ്ടാകുമെന്നാണ് സര്‍ക്കാരിന്റെ പ്രതീക്ഷ. ഒരു സ്വകാര്യ കമ്പനിക്കും സര്‍ക്കാരുമായുള്ള പങ്കാളിത്തത്തിന് താത്പര്യമില്ല. സര്‍ക്കാരിന് ഓഹരിയുണ്ടായാല്‍, കമ്പനി സ്വതന്ത്രമായി മുന്നോട്ടു കൊണ്ടുപോകാനാകില്ലെന്നാണ് അവരുടെ കണക്കുകൂട്ടല്‍.

50,000 കോടിയിലേറെ കടബാധ്യത വന്നതിനെ തുടര്‍ന്ന് 2017 ജൂണിലാണ് കേന്ദ്ര മന്ത്രിസഭയുടെ സാമ്പത്തികകാര്യ സമിതി എയര്‍ ഇന്ത്യ ഓഹരി വില്‍ക്കാന്‍ തീരുമാനിച്ചത്.

ഓഹരികള്‍ വില്‍ക്കുന്നതിനായി വ്യോമയാന മന്ത്രാലയമാണ് താല്‍പര്യപത്രം ക്ഷണിച്ചത്. 76 ശതമാനം ഓഹരിവില്‍പനക്കൊപ്പം സ്ഥാപനത്തിന്റെ പൂര്‍ണ നിയന്ത്രണവും കൈമാറാനുമായിരുന്നു പദ്ധതി. മാനേജ്മന്റെിനോ ജീവനക്കാര്‍ക്കോ നേരിട്ടോ അല്ലെങ്കില്‍ കണ്‍സോര്‍ട്യം രൂപവത്കരിച്ചോ ഓഹരിവില്‍പനയില്‍ പങ്കെടുക്കാമെന്നും ഇതുസംബന്ധിച്ച പ്രാഥമിക ധാരണപത്രത്തില്‍ പറഞ്ഞിരുന്നു.

എയര്‍ ഇന്ത്യയെ കൂടാതെ, ചെലവു കുറഞ്ഞ വിമാന സര്‍വീസായ എയര്‍ ഇന്ത്യ എക്‌സ്പ്രസ്, എയര്‍ ഇന്ത്യ എസ്.എ.ടി.എസ് എയര്‍പോര്‍ട്ട് സര്‍വീസസ് എന്നീ കമ്പനികളുടെയും ഓഹരികള്‍ കൈമാറാനുമായിരുന്നു തീരുമാനം.

Top