എല്ലാ ഓഫീസുകളിലും അംബേദ്കറിന്റെയും ഭഗത് സിംഗിന്റെയും ചിത്രങ്ങള്‍ സ്ഥാപിക്കാന്‍ ഡല്‍ഹി സര്‍ക്കാര്‍

ന്യൂഡല്‍ഹി: ഡല്‍ഹി സര്‍ക്കാറിന് കീഴിലെ എല്ലാ ഓഫീസുകളിലും ബി ആര്‍ അംബേദ്കറിന്റെയും ഭഗത് സിംഗിന്റെയും ചിത്രങ്ങള്‍ സ്ഥാപിക്കുമെന്ന് ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ പ്രഖ്യാപനം. സര്‍ക്കാര്‍ ഓഫീസുകളിലുള്ള മുന്‍ മുഖ്യമന്ത്രിമാരടക്കമുള്ള രാഷ്ട്രീയക്കാരുടെ ചിത്രങ്ങള്‍ ഒഴിവാക്കാനും മുഖ്യമന്ത്രി നിര്‍ദേശം നല്‍കി. റിപ്ലബ്ലിക് ദിനതലേന്നാണ് ദില്ലി മുഖ്യമന്ത്രിയുടെ പ്രഖ്യാപനം.

അംബേദ്കറും ഭഗത് സിംഗുമാണ് തന്നെ ഏറെ സ്വാധീനിച്ച രണ്ട് വ്യക്തിത്വങ്ങളെന്ന് കെജ്രിവാള്‍ പറഞ്ഞു. വര്‍ഷങ്ങള്‍ക്ക് മുമ്പ് എല്ലാ പ്രതിസന്ധികളെയും മറികടന്നാണ് അംബേദ്ക്കര്‍ ലണ്ടന്‍ സ്‌കൂള്‍ ഓഫ് എക്കണോമിക്‌സിലും കൊളംബിയ യൂണിവേഴ്‌സിറ്റിയിലും പഠനം പൂര്‍ത്തിയാക്കിയത്. രാജ്യത്തിന് വേണ്ടി വലിയ സ്വപ്നങ്ങള്‍ കാണുകയെന്നതാണ് അദ്ദേഹത്തിന്റെ ജീവിതത്തില്‍ നിന്നും നമ്മള്‍ പഠിക്കേണ്ട ഒരു കാര്യം.

നമ്മുടെ കുട്ടികള്‍ക്ക് ഗുണനിലവാരമുള്ള വിദ്യാഭ്യാസം ലഭിക്കണം. എല്ലാ കുട്ടിക്കും ഗുണമേന്മയുള്ള വിദ്യാഭ്യാസമെന്ന ബി ആര്‍ അംബേദ്കറിന്റെ സ്വപ്‌നങ്ങള്‍ സാക്ഷാത്കരിക്കപ്പെടണം. അതിന് വേണ്ടിയുള്ള പ്രവര്‍ത്തനങ്ങളാണ് ദില്ലി സര്‍ക്കാര്‍ നടത്തുന്നത്. വിദ്യാഭ്യാസ മേഖലയില്‍ കഴിഞ്ഞ 7 വര്‍ഷങ്ങള്‍ക്കിടെ വിപ്ലവം കൊണ്ടുവരാന്‍ ദില്ലി സര്‍ക്കാരിന് സാധിച്ചുവെന്നും കെജ്രിവാള്‍ അവകാശപ്പെട്ടു.

Top