ബെംഗളൂരു: ഹിജാബ് മതാചാരങ്ങളുടെ ഭാഗമല്ലെന്ന് ആവര്‍ത്തിച്ച് കര്‍ണാടക സര്‍ക്കാര്‍. വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഹിജാബ് നിരോധനത്തിനെതിരെ വിദ്യാര്‍ഥികള്‍ നല്‍കിയ ഹര്‍ജി ഹൈക്കോടതി പരിഗണിക്കുന്നതിനിടെയാണ് കര്‍ണാടക സര്‍ക്കാര്‍ നയം വ്യക്തമാക്കിയത്. ഒരു കാരണവശാലും വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ മതചിഹ്നങ്ങള്‍ അനുവദിക്കില്ലെന്ന് കര്‍ണാടക ഹൈക്കോടതിയില്‍ പറഞ്ഞു.
വസ്ത്രവും ഭക്ഷണവും മതാചാരങ്ങളുടെ ഭാഗമല്ല. പ്രത്യേക മതവിഭാഗത്തിനായി ഇക്കാര്യത്തില്‍ ഇളവ് നല്‍കാനാവില്ല. ശബരിമല കേസിലും മുത്തലാഖ് കേസിലും ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ടെന്ന് കര്‍ണാടക സര്‍ക്കാര്‍ കോടതിയില്‍ വ്യക്തമാക്കി.
ഖുറാന്‍ മാത്രം മുന്‍നിര്‍ത്തി ഹിജാബിന് വേണ്ടി വാദിക്കുന്നതില്‍ അര്‍ഥമില്ല. ഭരണഘടനയുടെ 25ആം അനുച്ഛേദം ഹിജാബിന്റെ കാര്യത്തില്‍ ബാധകമല്ല. ഹിജാബ് മതാചാരത്തിന്റെ ഭാഗമെന്ന് തെളിയിക്കാന്‍ നിലവില്‍ വസ്തുതകളില്ലെന്നും സര്‍ക്കാര്‍ കോടതിയില്‍ വ്യക്തമാക്കി.