ലോകയുക്തക്ക് പൂട്ടിടാന്‍ കേരള സര്‍ക്കാര്‍, നിയമ നിര്‍മാണം നടത്താന്‍ നീക്കം

തിരുവനന്തപുരം: ലോകയുക്തക്ക് പൂട്ടിടാന്‍ സര്‍ക്കാര്‍. ലോകായുക്തയുടെ അധികാരം കവരും വിധത്തില്‍ നിയമ നിര്‍മാണം നടത്താനാണ് സര്‍ക്കാര്‍ നീക്കം. ലോകയുക്ത വിധി സര്‍ക്കാരിന് തള്ളാന്‍ അധികാരം നല്‍കുന്നതാണ് പുതിയ ഭേദഗതി. ഓര്‍ഡിനന്‍സ് ഇപ്പോള്‍ ഗവര്‍ണറുടെ പരിഗണനയിലാണ്. ഓര്‍ഡിനന്‍സ് ഗവര്‍ണര്‍ അംഗീകരിച്ചാല്‍ ലോകായുക്ത പിന്നെ പേരിന് വേണ്ടി മാത്രമാകും.

സര്‍ക്കാര്‍ നീക്കം മുഖ്യമന്ത്രിക്കും മന്ത്രി ആര്‍ ബിന്ദുവിനും എതിരായ പരാതി ലോകയുക്തയില്‍ നിലനില്‍ക്കേയാണെന്നുള്ളതാണ് ശ്രദ്ധേയം. ദുരിതാശ്വാസ നിധി തുക വക മാറ്റി എന്ന പരാതി ആണ് മുഖ്യമന്ത്രിക്ക് എതിരെ ലോകായുക്തയില്‍ ഉള്ളത്. കണ്ണൂര്‍ വിസിയായി ഡോ. ഗോപിനാഥ് രവീന്ദ്രന് പുനര്‍നിയമനം നല്‍കണമെന്ന് ശുപാര്‍ശ ചെയ്ത് മന്ത്രി ആര്‍ ബിന്ദു ഗവര്‍ണര്‍ക്ക് കത്തയച്ചത് ചട്ടലംഘനവും സത്യപ്രതിജ്ഞാ ലംഘനവുമാണെന്നാണ് ആക്ഷേപം ഉയര്‍ന്നിരുന്നു. ഇതിനു പിന്നാലെയാണ് മന്ത്രി ബിന്ദുവിനെതിരെ ലോകായുക്തയില്‍ കേസ് വന്നത്.

ഒന്നാം പിണറായി സര്‍ക്കാരില്‍ മന്ത്രിയായിരുന്ന കെ ടി ജലീലിനെതിരെ ബന്ധുനിയമന വിവാദത്തില്‍ ലോകായുക്ത വിധി ഉണ്ടായിരുന്നു. ബന്ധുനിയമന വിഷയത്തില്‍ ജലീല്‍ അധികാര ദുര്‍വിനിയോഗം നടത്തിയെന്നും മന്ത്രി സ്ഥാനത്ത് തുടരാന്‍ അര്‍ഹതയില്ലെന്നുമായിരുന്നു ലോകായുക്തയുടെ നിരീക്ഷണം. തുടര്‍ന്ന് മന്ത്രി രാജിവച്ചു. ലോകായുക്ത വിധിക്കെതിരെ കെ ടി ജലീല്‍ ഹൈക്കോടതിയെ സമീപിച്ചെങ്കിലും ഇടപെടാന്‍ കോടതി തയാറായില്ല. മന്ത്രിയുടെ രാജിയിലേക്ക് വരെ നയിച്ച ഉത്തരവുകള്‍ പുറപ്പെടുവിച്ച ലോകായുക്തക്കെതിരെയാണ് ഇപ്പോള്‍ സര്‍ക്കാര്‍ നീക്കം നടത്തുന്നത്.

Top