തിരുവനന്തപുരം: ഇതര സംസ്ഥാനക്കാരായ താമസക്കാരെ സ്വന്തം സംസ്ഥാനത്തെത്തിക്കുന്ന പ്രത്യാശ പദ്ധതിയ്ക്ക് 29,29,500 രൂപ വിനിയോഗിക്കുന്നതിനുള്ള അനുമതി നല്‍കിയതായി ആരോഗ്യ സാമൂഹ്യനീതി വകുപ്പ് മന്ത്രി കെ.കെ. ശൈലജ അറിയിച്ചു. 2019ല്‍ ശേഖരിച്ച കണക്ക് പ്രകാരം സംസ്ഥാനത്തെ സൈക്കോ സോഷ്യല്‍ റീഹാബിലിറ്റേഷന്‍ സ്ഥാപനങ്ങളില്‍ മാത്രം ഏകദേശം 1500ലധികം ഇതര സംസ്ഥാനക്കാര്‍ താമസക്കാരായുണ്ടെന്നാണ് കണ്ടെത്തല്‍.
ഇതര സംസ്ഥാനക്കാരായ അനാഥരോ ഉപേക്ഷിയ്ക്കപ്പെട്ടവരോയായ കുട്ടികള്‍, വയോജനങ്ങള്‍, അഗതികള്‍, ശാരീരിക മാനസിക വെല്ലുവിളികളുള്ളവര്‍ എന്നിങ്ങനെ പരിഗണന അര്‍ഹിയ്ക്കുന്നവരെ സ്വന്തം സംസ്ഥാനത്തെത്തിക്കുന്നതിനായാണ് ഈ സര്‍ക്കാര്‍ കഴിഞ്ഞ വര്‍ഷം പ്രത്യാശ പദ്ധതി ആവിഷ്‌ക്കരിച്ചത്. ഓര്‍ഫനേജ് കണ്‍ട്രോള്‍ ബോര്‍ഡിന്റെ അംഗീകാരത്തോടെ പ്രവര്‍ത്തിക്കുന്ന ഏകദേശം 239 സര്‍ക്കാരിതര പുനരധിവാസ സ്ഥാപനങ്ങളുമാണുള്ളത്. ഈ കേന്ദ്രങ്ങളിലാണ് ഇവര്‍ താമസിച്ചുവരുന്നത്. പ്രത്യാശ പദ്ധതി പ്രകാരം 40 പേരെ നേരത്തെ സ്വദേശത്തേക്ക് എത്തിച്ചിരുന്നു.