തിരുവനന്തപുരം: കൊവിഡ് നിയന്ത്രണങ്ങളില്‍ മാറ്റം വരുത്തുന്നതിന്റെ ഭാഗമായി സര്‍ക്കാര്‍ ഓഫീസുകളില്‍ ശനിയാഴ്ച പ്രവൃത്തി ദിവസമാക്കി സര്‍ക്കാര്‍. ഇത് സംബന്ധിച്ച ഉത്തരവ് പുറത്തിറങ്ങി. കൊവിഡ് രണ്ടാം തരംഗം ശക്തി കുറഞ്ഞതോടെ ഓഗസ്റ്റ് നാലിന് പുറത്തിറക്കിയ മുന്‍ ഉത്തരവ് പ്രകാരം സര്‍ക്കാര്‍ ഓഫീസുകള്‍, അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, സ്വയംഭരണ സ്ഥാപനങ്ങള്‍, കമ്മീഷനുകള്‍ എന്നിവ തിങ്കള്‍ മുതല്‍ വെളളിവരെ മുഴുവന്‍ ജീവനക്കാരുമായി പ്രവര്‍ത്തിക്കാന്‍ സര്‍ക്കാര്‍ അനുവദിച്ചിരുന്നു. ഇവ ഇനിമുതല്‍ ശനിയാഴ്ചയും പ്രവര്‍ത്തിക്കും.
കൊവിഡ് നിയന്ത്രണങ്ങള്‍ ലഘൂകരിക്കുന്നതിന്റെ ഭാഗമായി സെക്രട്ടറിയേറ്റില്‍ പഞ്ചിംഗ് ആരംഭിക്കാനും ഹോട്ടലുകളില്‍ ഇരുന്ന് ഭക്ഷണം കഴിക്കാനും സര്‍ക്കാര്‍ തീരുമാനിച്ചേക്കുമെന്നാണ് വിവരം. കൊവിഡ് അവലോകന യോഗത്തിന് ശേഷമാകും തീരുമാനം. ബയോമെട്രിക് പഞ്ചിംഗിന് പകരം കാര്‍ഡ് പഞ്ചിംഗാണ് സെക്രട്ടറിയേറ്റില്‍ നടക്കുക.