വ്യക്തിഗത ഇന്‍കം ടാക്‌സ് കുറയ്ക്കുന്ന പ്രശ്‌നം ഉദിക്കുന്നില്ല; നിരാശയാകുമോ 2020 ബജറ്റ്?

വ്യക്തിഗത ഇന്‍കം ടാക്‌സ് നിരക്കുകളില്‍ കുറവ് വരുത്തുമെന്ന പ്രതീക്ഷയിലാണ് രാജ്യത്തെ ശമ്പളവരുമാനം നേടുന്ന ഭൂരിപക്ഷവും. എന്നാല്‍ ഇത്തരുമൊരു പ്രതീക്ഷ അസ്ഥാനത്താകുമെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. ഫെബ്രുവരി ഒന്നിന് അവതരിപ്പിക്കുന്ന ബജറ്റില്‍ വ്യക്തിഗത ഇന്‍കം ടാക്‌സില്‍ കുറവ് പ്രതീക്ഷിക്കേണ്ടെന്നാണ് ഇതുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് സിഎന്‍ബിസിടിവി 18 റിപ്പോര്‍ട്ട് ചെയ്യുന്നത്.

ടാക്‌സ് ഇതര വരുമാനം വര്‍ദ്ധിപ്പിക്കുന്നതിലാണ് ബജറ്റ് ശ്രദ്ധ കേന്ദ്രീകരിക്കുകയെന്നാണ് സൂചന. അതുകൊണ്ട് തന്നെ ധനസമ്പാദനവും, വികേന്ദ്രീകരണവും അടുത്ത സാമ്പത്തിക വര്‍ഷത്തില്‍ മാത്രമാണ് പരിഗണിക്കുക. 2021 സാമ്പത്തിക വര്‍ഷത്തില്‍ നിരവധി പൊതുമേഖലാ സ്ഥാപനങ്ങളിലെ സര്‍ക്കാര്‍ പങ്കാളിത്തം ക്രമാതീതമായി കുറയ്ക്കുമെന്നും ഈ റിപ്പോര്‍ട്ട് വ്യക്തമാക്കി.

ലോംഗ് ടേം ക്യാപിറ്റന്‍ ഗെയിന്‍സ് (എല്‍ടിസിജി), ഡിവിഡന്‍ഡ് ഡിസ്ട്രീബ്യൂഷന്‍ ടാക്‌സ് (ഡിഡിടി) എന്ന മൂലധനം സൃഷ്ടിക്കുന്ന നടപടികളുടെ ഭാഗമായി ഇളവുകള്‍ നല്‍കുമെന്നാണ് കരുതുന്നത്. അതേസമയം വ്യക്തിഗത ഇന്‍കംടാക്‌സ് കുറയ്ക്കുന്നത് വഴി മധ്യവര്‍ഗ്ഗക്കാരുടെയും, അതില്‍ താഴെയുള്ളവരുടെയും കൈകളിലേക്ക് കൂടുതല്‍ പണം എത്തിക്കുകയും ഇത് ചെലവഴിക്കാന്‍ ഉപയോഗിക്കുകയും ചെയ്യുമെന്നാണ് വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നത്.

എന്നാല്‍ ഇന്‍കംടാക്‌സ് കുറയ്ക്കുന്നത് ചെറിയ ശതമാനം ജനങ്ങള്‍ക്ക് മാത്രം ഗുണമുണ്ടാകുന്ന കാര്യമാണെന്നാണ് എതിരഭിപ്രായം ഉയര്‍ത്തുന്നവരുടെ വാദം. ഇതുവഴി വളര്‍ച്ച സാധ്യവുമല്ലെന്നാണ് ഇവര്‍ പറയുന്നത്. സര്‍ക്കാര്‍ ഈ പണം നിക്ഷേപത്തിനും, ഡിമാന്‍ഡ് ത്വരിതപ്പെടുത്താനും ഉപയോഗിക്കണമെന്നാണ് ഈ പക്ഷം വാദിക്കുന്നത്.

Top