സാമ്പത്തിക ക്രമക്കേട്; നെഹ്‌റു കുടുംബവുമായി ബന്ധപ്പെട്ട 3 ട്രസ്റ്റുകള്‍ക്കെതിരെ അന്വേഷണം

ന്യൂഡല്‍ഹി: നെഹ്‌റു കുടുംബവുമായി ബന്ധപ്പെട്ട മൂന്ന് ട്രസ്റ്റുകള്‍ക്കെതിരെ അന്വേഷണം. സാമ്പത്തിക ഇടപാടുകളില്‍ ക്രമക്കേടുകളെന്ന് ചൂണ്ടിക്കാട്ടിയാണ് അന്വേഷണം നടത്തുന്നത്.

സാമ്പത്തിക ഇടപാടുകള്‍ അന്വേഷിക്കുന്നതിനായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം മന്ത്രിതല സമിതി രൂപീകരിച്ചു. ആദായനികുതിയുമായും വിദേശത്തുനിന്ന് സഹായം സ്വീകരിക്കുന്നതുമായി ബന്ധപ്പെട്ട നിയമങ്ങള്‍ ലംഘിച്ചുവെന്നുമാണ് ആരോപണം.

രാജീവ് ഗാന്ധി ഫൗണ്ടേഷന്‍, രാജീവ് ഗാന്ധി ചാരിറ്റബിള്‍ ട്രസ്റ്റ്, ഇന്ദിരഗാന്ധി മെമോറിയല്‍ ട്രസ്റ്റ് എന്നിവക്കെതിരെയാണ് അന്വേഷണം.

എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ സ്‌പെഷല്‍ ഡയറക്ടറുടെ നേതൃത്വത്തിലായിരിക്കും അന്വേഷണം നടക്കുക.

1991 ജൂണിലാണ് രാജീവ് ഗാന്ധി ഫൗണ്ടേഷന്‍ രൂപീകരിച്ചത്. 2002ല്‍ രാജീവ് ഗാന്ധി ചാരിറ്റബിള്‍ ട്രസ്റ്റും രൂപീകരിച്ചു. കോണ്‍ഗ്രസ് പ്രസിഡന്റ് സോണിയ ഗാന്ധിയാണ് ഈ ട്രസ്റ്റുകളുടെ മേധാവി. കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി, പി. ചിദംബരം, മന്‍മോഹന്‍ സിങ് തുടങ്ങിയവരാണ് ട്രസ്റ്റിലെ ബോര്‍ഡ് അംഗങ്ങള്‍.

അതേസമയം, ട്രസ്റ്റുകള്‍ക്കെതിരായ ആരോപണം നിഷേധിച്ച കോണ്‍ഗ്രസ്, അന്വേഷണം രാഷ്ട്രീയ പകപ്പോക്കലാണെന്നും ഇന്ത്യ-ചൈന ആക്രമണവുമായി ബന്ധപ്പെട്ട വിഷയം വഴിതിരിച്ചുവിടുന്നതിനാണ് പുതിയ ആരോപണമെന്നും പ്രതികരിച്ചു.

മന്‍മോഹന്‍ സിങ് സര്‍ക്കാരിന്റെ കാലത്ത് പ്രധാനമന്ത്രി ദേശീയ ദുരന്ത നിവാരണ ഫണ്ടില്‍നിന്ന് രാജീവ് ഗാന്ധി ഫൗണ്ടേഷന് പണം കൈമാറിയതായാണ് ആരോപണം.

Top